covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 11പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തൃശൂരിൽ നാലു പേർക്കും കോഴിക്കോട് മൂന്നു പേർക്കും പാലക്കാടും മലപ്പുറത്തുമായി രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 11പേരും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിവരാണ്. ഏഴ് പേർ വിദേശത്തുനിന്നും രണ്ട് പേർ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.

87പേർ ചികിത്സയിലുണ്ട്. ചികിത്സയിലായിരുന്ന നാലു പേരുടെ ഫലം നെഗറ്റീവായി. വയനാടും കണ്ണൂരുമുള്ള രണ്ടു പേർ വീതമാണ് മുക്തി നേടിയത്.

മൊത്തം 497 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇതുവരെ 55,045 പേരാണ് മടങ്ങിയെത്തിയത്. വിമാനത്തിൽ 2911 പേരും സീപോർട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയിൽവേ വഴി 1021 പേരുമാണെത്തിയത്.

വീണ്ടും അരലക്ഷം കടന്നു

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും അരലക്ഷം കടന്നു. ജില്ലകളിൽ 56,981പേർ നിരീക്ഷണത്തിലാണ്. 56,362പേർ വീടുകളിലും 619പേർ ആശുപത്രികളിലുമാണ്. 182പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈമാസം ഏട്ടിന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,157 ആയിരുന്നു. എട്ട് ദിവസത്തിനുള്ളിൽ 36,824പേരുടെ വർദ്ധനവുണ്ടായി.

ആറ് ഹോട്ട് സ്പോട്ടുകൾ കൂടി

കാസർകോട് - നീലേശ്വരം, കാസർകോട് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി - വണ്ടൻമേട്, കരുണാപുരം, വയനാട് - തവിഞ്ഞാൽ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 22 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.