കൊച്ചി: കൂടുതൽ നിക്ഷേപം ആകർഷിക്കാനായി നടപ്പുവർഷം വ്യവസായ പാർക്കുകൾക്ക് റാങ്ക് നൽകുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം കേരളത്തിനും ഏറെ നേട്ടമാകും. കൊവിഡ് വ്യാപനത്തെ ചൊല്ലി അമേരിക്ക-ചൈന പോര് രൂക്ഷമായതോടെ, ചൈനയിൽ നിന്ന് കൂടൊഴിയുന്ന വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. നിക്ഷേപം, ഭൂമി, തൊഴിൽ നിയമം എന്നിവയിലെല്ലാം അവയ്ക്ക് കേന്ദ്രം ഇളവ് നൽകിയേക്കും.
വിദേശ നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇത്, നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഗുണകരമാക്കി മാറ്റാൻ കേരളത്തിന് കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യ സുരക്ഷയ്ക്ക് കൂടി ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഇപ്പോൾ നിക്ഷേപകർ തേടുന്നത്. കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ചത് ഉൾപ്പെടെ, മെഡിക്കൽ രംഗത്തെ കേരളത്തിന്റെ മികവും ആരോഗ്യരംഗത്തെ പെരുമയും ഗുണം ചെയ്യും.
നാല് രാജ്യാന്തര വിമാനത്താവളങ്ങൾ, മികച്ച ഭൂപ്രകൃതി, സജീവമായ ഐ.ടി-വ്യവസായ പാർക്കുകൾ, വൈദഗ്ദ്ധ്യമുള്ള യുവതലമുറ, സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന അതിവേഗ അനുമതിയും അടിസ്ഥാനസൗകര്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ, മറ്ര് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ധനച്ചെലവ് എന്നിവ കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്.
നൈപുണ്യം മെച്ചപ്പെടും,
മത്സരക്ഷമത കൂടും
കൽക്കരി ഖനനം, വ്യോമയാനം, ബഹിരാകാശം, ആണവോർജ മേഖലകളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള തീരുമാനം ഈ മേഖലകളിൽ സ്വകാര്യ നിക്ഷേപവും അതുവഴി നൈപുണ്യവും അന്താരാഷ്‌ട്ര തലത്തിലെ മത്സരക്ഷമതയും വർദ്ധിക്കാൻ സഹായിക്കുമെന്ന് സ്‌റ്റെർലിംഗ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ശിവദാസ് ബി. മേനോൻ പറയുന്നു.
കൂടുതൽ എയർപോർട്ടുകളുടെ നിയന്ത്രണം സ്വകാര്യവത്കരിക്കാനും ചെലവ് കുറയ്ക്കാനായി വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കാനുമുള്ള തീരുമാനം വ്യോമയാന മേഖലയെ കൂടുതൽ മികവുറ്റതും ലാഭകരവുമാക്കും. എന്നാൽ, വിമാന ടിക്കറ്ര് നിരക്ക് നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമായിരുന്നുവെന്ന് ഐയാട്ട എജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജിബി ഈപ്പൻ പറഞ്ഞു.