ജർമ്മൻ ബുണ്ടസ് ലിഗ വീണ്ടും തുടങ്ങി
ഡോർട്ട്മുണ്ടിനും വോൾവ്സ്ബർഗിനും ഹെർത്ത ബെർലിനും മോഷെംഗ്ലാഡ്ബാഷിനും ജയം
ബെർലിൻ : ആറ് മത്സരങ്ങൾ, 16ഗോളുകൾ... ലോകം ആകാംക്ഷയോടെ കാത്തിരുന്ന ജർമ്മൻ ബുണ്ടസ് ലിഗയുടെ രണ്ടാം വരവിന്റെ ആദ്യ ദിനം അടിപൊളി. യൂറോപ്പിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ലീഗുകളിൽ കൊവിഡിന്റെ വെല്ലുവിളി മറികടന്ന് ആദ്യം പുനരാരംഭിച്ച ബുണ്ടസ് ലിഗയിൽ ഇന്നലെ ഇന്ത്യൻ സമയം ഏഴുമണിയോടെ അഞ്ച് മത്സരങ്ങളാണ് തുടങ്ങിയത്. ആറാം മത്സരം പത്തുമണിയോടെ ആരംഭിച്ചു.
മുൻനിര ക്ലബുകളായ ബൊറൂഷ്യ ഡോർട്ട്മുണ്ട്, വോൾവ്സ്ബർഗ്,ഹെർത്ത ബെർലിൻ, മോഷെംഗ്ലാഡ്ബാഷ് എന്നിവർക്കാണ് വിജയം നേടാനായത്. ബൊറൂഷ്യയുടേതായിരുന്നു വൻ വിജയം. എതിരില്ലാത്ത നാലുഗോളുകൾക്ക് ഷാൽക്കെയെയാണ് അവർ കീഴടക്കിയത്.
മോഷെംഗ്ലാഡ്ബാഷ് 3-1ന് എയ്ൻട്രാക്റ്റിനെ വീഴ്ത്തി. വോൾവ്സ്ബർഗ് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഒാസ്ബർഗിനെയും ഹെർത്ത ബർലിൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹോഫൻഹേയ്മിനെയും കീഴടക്കി. ആർ.ബി ലെയ്പ് സിഗും ഫ്രേയ്ബർഗും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ ഫോർച്യുന ഡസൽഡ്രോഫും പാഡേബോണും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു.
ജാഗ്രതയോടെ തുടക്കം
കൊവിഡിനെതിരെ കനത്ത ജാഗ്രതയോടെയായിരുന്നു ഇന്നലെ മത്സരങ്ങൾ നടത്തിയത്.സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കളിക്കാരും ഒഫിഷ്യൽസും മാദ്ധ്യമപ്രവർത്തകരും അടക്കം 300 പേർ മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുള്ളൂ. പരിശീലകരും സബ്സ്റ്റിറ്റ്യൂട്ടുകളും സാമൂഹ്യ അകലം പാലിച്ചാണ് ഇരുന്നത്. എല്ലാ ടീമുകൾക്കൊപ്പവും ഒരു മെഡിക്കൽ ഹൈജീൻ ഒാഫീസർ ഉണ്ടായിരുന്നു.
കൈമുട്ടിടിച്ച് ഗോൾ ആഘോഷം
കൊവിഡ് പശ്ചാത്തലത്തിൽ പുത്തൻ ഗോളാഘോഷവും ഇന്നലെ ബുണ്ടസ് ലിഗയിൽ കണ്ടു. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി കൈമുട്ട് കൂട്ടിമുട്ടിച്ചാണ് താരങ്ങൾ ഗോളാഘോഷിച്ചത്.
മത്സരഫലങ്ങൾ
ഒാസ്ബർഗ് 1- വോൾവ്സ് ബർഗ് 2
ബൊറൂഷ്യ ഡോർട്ട്മുണ്ട് 4- ഷാൽക്കെ 0
ഫോർച്യുന ഡസൽഡ്രോഫ് 0- പാഡർബോൺ 0
ഹെർത്ത ബെർലിൻ 3 - ഹോഫൻഹേയ്ം 0
ലെയ്പ്സിഗ് 1 - ഫ്രേയ്ബർഗ് 1
എയ്ൻട്രാക്റ്റ് 1 - മോഷെംഗ്ലാഡ്ബാഷ് 3