ന്യൂഡൽഹി:സ്വാശ്രയ ഭാരത് പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിൽ ബഹിരാകാശ ഗവേഷണത്തെയും ആണവോർജ്ജത്തെയും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേന്ദ്രസർക്കാരിന് മാത്രം നിയന്ത്രമുണ്ടായിരുന്ന തന്ത്രപ്രധാന മേഖലഖളാണിവ. അമേരിക്ക ഉൾപ്പെടെ ബഹിരാകാശ ശക്തികൾ സ്വകാര്യ വൽക്കരണത്തിലേക്ക് പോകുമ്പോഴും ഇന്ത്യ അറച്ചു നിൽക്കുകയായിരുന്നു. സ്പേസ് എക്സ് പോലുള്ള സ്വകാര്യ കമ്പനികൾ മത്സരബുദ്ധ്യാ രംഗത്തു വന്നതോടെയാണ് അമേരിക്കയുടെ ബഹിരാകാശ പദ്ധതികൾ ഇപ്പോൾ കൂടുതൽ ഊർജ്ജസ്വലമായത്. ഈ പശ്ചാത്തലത്തിലാണ് വിഭവ പരിമിതിയിൽ വീർപ്പുമുട്ടുന്ന ഐ. എസ്. ആർ. ഒയിൽ സ്വകാര്യ നിക്ഷേപത്തിന് കേന്ദ്രം വാതിൽ തുറക്കുന്നത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ നടത്തിയ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
ആണവോർജ്ജം
സ്വകാര്യ പങ്കാളിത്തത്തോടെ ആണവ റിയാക്‌ടർ
അർബുദ ചികിത്സയ്‌ക്ക് മെഡിക്കൽ ഐസോടോപ്പുകൾ ഉത്പാദിപ്പിക്കാൻ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ആണവ റിയാക്‌ടർ നിർമ്മിക്കുക.
ഭക്ഷണ വസ്‌തുക്കളും പച്ചക്കറികളും കേടാകാതിരിക്കാൻ റേഡിയേഷൻ സങ്കേതം ഉപയോഗിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി. കർഷകരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം.
സ്‌റ്റാർട്ട് അപ്പുകൾക്ക് ആണവ മേഖലയിൽ കൂടുതൽ അവസരങ്ങൾ. സാങ്കേതിക വിദ്യാ വികസന കേന്ദ്രങ്ങൾ/ഇൻകുബേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും.
-ഒാർഡിനൻസ് ഫാക്‌ടറിക്ക് സ്വയം ഭരണം
പ്രതിരോധ രംഗത്തെ സ്വകാര്യവത്കരണത്തിന്റെ തുടർച്ചയായി സ്വയംഭരണവും സുതാര്യതയും മികവും ഉറപ്പാക്കി ഓർഡിനൻസ് ഫാക്‌ടറികൾ കോർപറേറ്റൈസ് ചെയ്യും.(സ്വകാര്യവത്‌കരണമല്ലെന്ന് മന്ത്രി)
ഓർഡിനൻസ് ഫാക്‌ടറി ഓഹരി വിപണയിലെത്തും
-സംഭരണം സമയബന്ധിതം
പ്രതിരോധ സാമഗ്രികളുടെ സംഭരണത്തിന് വേഗത്തിലുള്ള നടപടിക്രമങ്ങൾ.
കരാർ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രൊജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു)
ആയുധങ്ങളുടെയും മറ്റും ആവശ്യങ്ങളും തരവും നിശ്‌ചയിക്കാൻ പ്രത്യേക നടപടി
സമഗ്രമായ ട്രയൽ, പരീക്ഷണ നടപടികൾ.
ഇന്ത്യയിൽ വിമാന റിപ്പയറിംഗ്
വിമാനങ്ങളുടെ എൻജിൻ റിപ്പയർ അടക്കം അറ്റകുറ്റപ്പണികൾ പൂർണമായി ഇന്ത്യയിൽ നടത്താനുള്ള സൗകര്യം ഒരുക്കി മൂന്നു വർഷം കൊണ്ട് 2000 കോടിയുടെ വരുമാനം ലക്ഷ്യം. നിലവിൽ 800കോടി മാത്രം. വിദേശത്തെ അറ്റകുറ്റപ്പണി ചെലവ് ലാഭം.
ആകാശയാത്രയിൽ ദൂരം കുറയും
ലാഭം 1000 കോടി
ആകാശയാത്രയുടെ സമയം കുറയ്‌ക്കുന്നതാണ് രാജ്യത്തെ ആകാശപ്പാത പൂർണമായി തുറക്കാനുള്ള തീരുമാനം. നിലവിൽ 60ശതമാനം ആകാശപ്പാത മാത്രം ഉപയോഗിക്കുന്നതിനാൽ വാണിജ്യ വിമാനങ്ങൾക്ക് ചുറ്റിക്കറങ്ങേണ്ടി വരുന്നു. തന്ത്രപ്രധാന മേഖലകളിൽ ഒഴികെ ആകാശപ്പാത തുറക്കുന്നതോടെ യാത്രാ സമയവും ഇന്ധന ചെലവും കുറയുന്നത് വഴി 1000കോടി ലാഭിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. വിമാന നിരക്കുകളും കുറയും.