reopen-temples-

ന്യൂഡൽഹി: കൊവിഡ് വൈറസ് ഒരു അസുരനാണെന്നും അതിനെ നശിപ്പിക്കാൻ ദൈവികശത്കിതകൾക്ക് മാത്രമേ കഴിയൂ എന്ന് പുരോഹിതരുടെ ദേശീയ സംഘടന. കൊവിഡ‌് രോഗത്തിനെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ കത്തിലാണ് അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ ഇക്കാര്യം പറഞ്ഞത്. അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തുറന്നാൽ കൊവിഡ് വൈറസിന് ഒരു അപകടവും ഉണ്ടാക്കാൻ കഴിയില്ലെന്ന് സംഘടനയുടെ ദേശിയ അദ്ധ്യക്ഷൻ മഹേഷ് പതക് പറയുന്നു.

അമ്പലങ്ങൾ അടച്ചത് പുരോഹിതർക്ക് വരുമാന നഷ്ടം ഉണ്ടാക്കിയെന്നും അവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങൾ തുറക്കാമെന്നും കത്തിൽ പറയുന്നു.

ദൈവിക ശക്തികൾക്ക് മാത്രം കൊല്ലാൻ കഴിയുന്ന ഒരു അസുരനാണ് കൊവിഡ് വൈറസ്. ക്ഷേത്രങ്ങൾ അടച്ചതോടെ ദൈവങ്ങളും വിശ്വാസികളും തമ്മിലുള്ള അകലം വർദ്ധിച്ചു. വീടുകളിൽ വെച്ച് നടത്തുന്ന പ്രാർത്ഥനകളിലൂടെ ആ അകലം ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലങ്ങൾ തുറക്കുന്നത് വഴി ഒരുമിച്ചുള്ള പ്രാർത്ഥനകളുടെ ഫലമായി ദൈവത്തിന് ഭക്തരെ രക്ഷപ്പെടുത്താൻ കഴിയും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.