syro-malabar

കൊച്ചി: സംസ്ഥാനത്ത് 'നേരിയ തോതില്‍' കൊവിഡ് രോഗബാധ വർദ്ധിക്കുന്നുണ്ട് എന്ന കാരണത്താല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ലാതെ തുടരേണ്ടതില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സീറോ മലബാര്‍ സഭ. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിട്ടുണ്ട്.

ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണ് ഇക്കാര്യം സംബന്ധിച്ച് മെയ് പതിനഞ്ചാം തീയതി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ദേവലയങ്ങളില്‍ കൂടുതല്‍ ഇളവുകളോടെ ആരാധന അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സീറോ മലബാര്‍ സഭ കത്തിൽ വ്യക്തമാക്കുന്ന.

എല്ലാ മതങ്ങള്‍ക്കും ഈ ഇളവുകള്‍ നൽകാവുന്നതാണെന്നും സഭ കത്തിൽ നിലപാടെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ നിലയില്‍ തുടരാന്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ധിക്കും. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരില്‍ കവിയാത്ത പങ്കാളിത്തമുള്ള ആരാധനാശുശ്രൂഷകള്‍ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ ഒരു വലിയ ആവശ്യമാണ്.

സാമൂഹിക അകലം പാലിച്ചും മറ്റ് മാനദണ്ഡങ്ങള്‍ പുലര്‍ത്തിയും ആരാധന നടത്താനാണ് തങ്ങളുദ്ദേശിക്കുന്നത്. ഈശ്വര വിശ്വാസികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ആരാധന ആവശ്യമാണെന്നും സഭ ചൂണ്ടിക്കാട്ടി.