കൗമാരപ്രായത്തിലെ സൗന്ദര്യ സങ്കല്പങ്ങളാണ് കുട്ടികളെ ഡയറ്റിംഗിന് പ്രേരിപ്പിക്കുന്നത്. ഇത് അപകടകരവും അനാരോഗ്യത്തിന് കാരണമാകുന്നതാണ്. കാരണം കൗമാരക്കാരുടെ ഡയറ്റിങ് സമീകൃതമാവില്ല. ചിലതരം ആഹാരം ഒഴിവാക്കും. ചിലത് കഴിക്കും. ഒഴിവാക്കുന്നവയിൽ പലതും വളരുന്ന പ്രായത്തിൽ അനിവാര്യമായ പോഷകങ്ങൾ അടങ്ങിയവയാകും. തടി കൂടുന്നുണ്ടെന്നും 'സ്ലിം" ആവണമെന്നും തോന്നുമ്പോൾ ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുക. കൗമാരത്തിൽ ഭക്ഷണം കുറയ്ക്കുന്നത് ബുദ്ധിശക്തി, ഓർമ്മശക്തി, കായികശേഷി എന്നിവയെ ബാധിക്കും. തൂക്കം കൂടുന്നുണ്ടെങ്കിൽ മധുരം, കൊഴുപ്പ് നിറഞ്ഞതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക ( അല്ലെങ്കിലും ഇവ പരമാവധി ഒഴിവാക്കുക ) മീനും ഇറച്ചിയും പൊരിച്ചതിനു പകരം കറി കഴിക്കുക. പച്ചക്കറിയും പഴങ്ങളും ധാരാളം കഴിക്കണം. ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വിനോദങ്ങൾക്കോ സൈക്കിളിംഗിനോ നടത്തത്തിനോ വേണ്ടി ചെലവാക്കണം. ഭക്ഷണം കഴിക്കാതെ ശരീരം മെലിയിക്കാനുള്ള ശ്രമം അനൊറെക്സിയ നെർവോസ പോലുള്ള മാനസിക പ്രശ്നങ്ങളുടെ ഭാഗമാകാം. ഇത് ചികിത്സയിലൂടെ പരിഹരിക്കണം.