vande-bharath-mission

കോഴിക്കോട്: അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളിൽ നാല് പേർക്ക് കൊവിഡ് ലക്ഷണം. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികൾക്കുമാണ് ലക്ഷണങ്ങൾ. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്. പുലർച്ചെ 2.12നാണ് വന്ദേഭാരത് മിഷന്‍റെ ഭാഗമായി അബുദാബിയിൽ നിന്ന് 182 യാത്രക്കാരുമായി ഐ.എക്സ് - 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരെത്തിയത്.

അതേസമയം, വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് രണ്ടാമത്തെ വിമാനം.