india

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 85,​940 ആയി. രാജ്യത്ത് മരണ സംഖ്യ 2752. തമിഴ്നാട്ടിലും ഗുജറാത്തിലും രോഗികളുടെ എണ്ണം 10000 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരമായി. കഴിഞ്ഞ ദിവസം 1,606 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 67 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,706 ആയി. ഇതില്‍ 22,479 പേര്‍ ചികിത്സയിലാണ്.

അതേസമയം,​ രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണ് സാദ്ധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും.

മേയ് മുപ്പത്തിയൊന്ന് വരെയാകും നാലാം ഘട്ട ലോക്ക് ഡൗൺ. ലോക്ക് ഡൗൺ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ 30 നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന. ഡൽഹി, മുംബയ്, കൊൽക്കത്ത അടക്കമുള്ള സ്ഥലങ്ങളിൽ ആണ് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുക. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് പ്രഖ്യാപിക്കും.