കാമറയുടെ പിറകിൽ നിന്ന് ഒരുപാട് തമാശകൾ പറയുകയും ഷോട്ട് റെഡിയെന്ന് പറയുമ്പോൾ കൂടുവിട്ട് കൂടുമാറുന്ന പോലെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന ഒരു അത്ഭുത സിദ്ധിക്ക് ഉടമയാണ് മോഹൻലാൽ. നടനെന്ന നിലയിൽ ഏറ്റവും കംഫർട്ടബിളാണ് മോഹൻലാൽ.
ഒരു ഫോൺകോൾ വന്നാൽ ഒരു പേടിയോട് കൂടിയാണ് താൻ ഫോൺ എടുക്കുന്നതെന്നും അതിന് കാരണക്കാരൻ തന്റെ പ്രിയ സുഹൃത്ത് മോഹൻലാൽ ആണെന്നുമാണ് സത്യൻ അന്തിക്കാട് പറയുന്നത്. അതിന് ഒന്നല്ല നിരവധി കാരണങ്ങളാണ് അന്തിക്കാട് പറയുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സാക്ഷാൽ പിണറായി വിജയന്റെ ഫോൺകോൾ.
പിണറായി വിജയൻ മന്ത്രിസഭ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാംസ്കാരിക രംഗത്തുള്ള വ്യക്തികളെ ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞയോടടുത്ത ദിവസം തന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. പരിചയമുള്ള ശബ്ദമാണ്.''ഞാൻ പിണറായി വിജയനാണ്, സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാനായി വിളിച്ചതാണ്." ഇത് മോഹൻലാൽ പറ്റിക്കാൻ വിളിക്കുന്നതാണെന്ന് മനസിലായി. എങ്കിലും സംസാരത്തിന്റെ വടക്കൻ ശൈലി കേട്ടപ്പോൾ ഒരു സംശയം. ''വരാം സഖാവേ..." എന്നുപറഞ്ഞ് ഫോൺ വച്ച ശേഷം സംശയം തീർക്കാനായി ലാലിനെ വിളിച്ചു. ലാൽ വ്യായാമം ചെയ്യുകയായിരുന്നു. ആ കിതപ്പെനിക്ക് കേൾക്കാം. ഞാൻ കാര്യം പറഞ്ഞു. ''അയ്യോ. തിരിച്ചൊന്നും പറയാതിരുന്നത് നന്നായി. അദ്ദേഹം എന്നെയും വിളിച്ചിരുന്നു." ലാൽ പൊട്ടിച്ചിരിച്ചു. ചുരുക്കി പറഞ്ഞാൽ പിണറായി വിജയൻ നേരിട്ട് വിളിച്ചാൽ പോലും മോഹൻലാലാണോയെന്ന് സംശയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ തന്റേത്.