loknath-behera

തിരുവനന്തപുരംഃ കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സംസ്ഥാന പൊലീസിലെ ക്രമസമാധാന ചുമതലയുള്ള എസ്.പി മാർക്കും ഡിവൈ.എസ്.പിമാ‌ർക്കും നാളെ ഓൺലൈൻ പരീക്ഷ. പൊലീസ് ആസ്ഥാനത്ത് നിന്ന് പോക്സോ നിയമപാലനവുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവുകളെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ പരീക്ഷ.

പാലക്കാട് പോക്സോ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ കേസ് അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി , എസ്.പി റാങ്കുകളിലുള്ളവർക്ക് പോക്സോ നിയമത്തിലെ പാണ്ഡിത്യം എത്രമാത്രമുണ്ടെന്നറിയാനാണ് പരീക്ഷ നടത്താൻ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.

പോക്സോ നിയമം നിലവിൽ വന്നശേഷം ഓരോ വർഷവും സംസ്ഥാനത്ത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടുന്നതായാണ് സംസ്ഥാന ക്രൈംറെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ കുറ്രവാളികൾക്കെതിരെ കർശനമായ നിയമ നടപടികൾ ആവശ്യമാണ്. സംസ്ഥാനത്തെ പോക്സോ കുറ്റകൃത്യങ്ങളും അന്വേഷണവും വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി എല്ലാമാസവും അന്വേഷണ ഉദ്യോഗസ്ഥർക്കായി പൊലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നി‌ർദേശങ്ങളും ഉത്തരവുകളും നൽകാറുണ്ട്.

എന്നാൽ ജില്ലാ പൊലീസ് മേധാവിമാരുൾപ്പെടെ ചുരുക്കം ചില ഉദ്യോഗസ്ഥ‌ർ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള ഉത്തരവുകൾക്ക് മതിയായ ഗൗരവം കൽപ്പിക്കാനോ, നി‌ർദേശങ്ങൾ അതേപടി അനുസരിക്കാനോ കൂട്ടാക്കാറില്ല. ഇത് പലപ്പോഴും നടപടിക്രമങ്ങളുടെ വീഴ്ചയ്ക്കും, അന്വേഷണത്തിലും കുറ്രപത്ര സമർപ്പണത്തിലും ഗുരുതരമായ പിഴവുകൾക്കും കാരണമാകുന്ന സാഹചര്യമുണ്ടാക്കാറുണ്ട്.

പിഴവുകൾ പലതവണ ചൂണ്ടിക്കാട്ടുകയും താക്കീത് നൽകുകയും ചെയ്തിട്ടും വീണ്ടും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമമോ ഉത്തരവുകളോ പാലിക്കാൻ കൂട്ടാക്കാത്ത ഉഴപ്പൻമാരെ കണ്ടുപിടിക്കാൻ പരീക്ഷ നടത്താൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനായിരുന്നു ചോദ്യങ്ങൾ തയ്യാറാക്കുന്ന ചുമതല. ചോദ്യങ്ങൾ വാട്ട്സ് ആപ് വഴി ഉദ്യോഗസ്ഥ‌ർക്ക് കൈമാറും.

ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനൊപ്പം പൊലീസിന്റെ പുതിയ പ്രവർത്തന ക്രമവുമായി ബന്ധപ്പെട്ട് നാളെ പൊലീസ് മേധാവി നടത്താനിരിക്കുന്ന വീഡിയോ കോൺഫറൻസിനിടെയും ഉഴപ്പൻമാരായി കണ്ടെത്തിയവരോട് പോക്സോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കും. തൃപ്തികരമായ വിധത്തിൽ പരീക്ഷയിൽ പങ്കെടുക്കാത്തവർക്കും ചോദ്യങ്ങൾക്ക് മറുപടി നൽകാത്തവ‌ർക്കുമെതിരെ അച്ചടക്ക നടപടികൾ കൈക്കൊളളുമെന്നാണ് വിവരം.