kaumudy-news-headlines

1. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജില്‍ അവസാന ഭാഗം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഏഴ് പ്രഖ്യാപനം ആണ് ഉള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്,വാണിജ്യം,കമ്പനി നിയമങ്ങള്‍, പി.എസ്.യു, സംസ്ഥാനങ്ങളുടെ വരുമാനം എന്നിവയില്‍. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യം ഇടുന്നത് എന്നും, ഇതിനായി പ്രധാനമന്ത്രിയുടെ ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരേണ്ടത് ഉണ്ടെന്ന പരാമര്‍ശവും ധനമന്ത്രി ഊന്നിപ്പറഞ്ഞു.


2.കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അവര്‍ക്കായി പദ്ധതികള്‍ ആവശ്യമുണ്ട്. ഇതുവരെ അന്ത്യോദയ അന്ന യോജന, കിസാന്‍ കല്യാണ്‍ യോജന, ജന്‍ധന്‍ യോജന, ഉജ്വല യോജന എന്നീ പദ്ധതികള്‍ വഴി എത്തിച്ച പണത്തിന്റെ കണക്കുകളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം 16,900 കോടി വിതരണം ചെയ്തു. ലോക്ഡൗണ്‍ കാലത്തും ആവശ്യത്തിന് ജനങ്ങള്‍ക്കായി ഭക്ഷ്യ ധാന്യം എത്തിച്ച എഫ്.സി.ഐയും സര്‍ക്കാരുകളും അഭിനന്ദനം അര്‍ഹിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയ്തു. ജന്‍ധന്‍ അക്കൗണ്ട് വഴി 20 കോടി സ്ത്രീകള്‍ക്ക് പണം കൈമാറാനായി.ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് 25,000 കോടി നല്‍കി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കി.
3. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തില്‍ 85ശതമാനം തുകയും കേന്ദ്ര സര്‍ക്കാരാണ് വഹിച്ചത്. ജീവന്‍ ഉണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓര്‍ക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നും നിര്‍മലാ സീതാരാമന്‍. പാക്കേജില്‍ മുപ്പത്തിമൂന്ന് പ്രഖ്യാപനങ്ങളും 11 സാമ്പത്തിക പരിഷ്‌കാര നടപടികളും ആണ് ഇതുവരെ ഉണ്ടായത്. ആരോഗ്യമേഖലയ്ക്ക് 15,000 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനങ്ങള്‍ക്ക് 4113 കോടി നല്‍കി. പരിശോധന കിറ്റുകള്‍ക്കും ലാബുകള്‍ക്കും 550 കോടി. സ്‌കൂള്‍ വിദ്യാഭ്യസത്തിന് ചാനല്‍ , ഇന്റര്‍ നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടികള്‍. 12 ചാനലുകള്‍ക്ക് കൂടി അനുമതി. വിദഗ്ധരുടെ തത്സമയ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടി. സ്വകാര്യ ഡി.ടി.എച്ച് സേവനദാതാക്കളും ആയി കൈകോര്‍ത്തു എന്നും ധനമന്ത്രി.
4.രാജ്യത്ത് മെയ് 4 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാര്‍ഗ നിര്‍ദ്ദേശം ഇന്ന് പുറത്തിറക്കും. മെയ് 31 വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍. മാര്‍ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നല്‍കി. റെഡ്‌സോണ്‍ മേഖലകള്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ചുരുക്കിയേക്കും. നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം ഭാഗികമായി പുന സ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനം ഉണ്ടായേകും. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തം നല്‍കി കര്‍ശന മാര്‍ഗ നിര്‍ദ്ദേശം വന്നേക്കും. പ്രത്യേക വിമാന സര്‍വ്വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. മെട്രോ ഭാഗികമായി തുടങ്ങണം എന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
5. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധന ആലയങ്ങളും തുറക്കേണ്ടത് ഇല്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. അതേസമയം, ലോക്ക് ഡൗണ്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. ലോക്ക് ഡൗണിന്റെ നാലാം ഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാകും എന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തം ആക്കിയിരുന്നു.
6.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഉംപുന്‍ എന്ന് പേരിട്ട് ഇരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിന് ഉള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 200 കി.മി വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള ഉംപുന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്ത് എത്തും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ ഒഡീഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കി.മി അകലെയാണ് കാറ്റിന്റെ സ്ഥാനം.
7. ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യം വരിക ആണെങ്കില്‍ വിവിധ ജില്ലകളിലെ ഏഴ് ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് തയ്യാറായി ഇരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള 12 ജില്ലകളില്‍ അപകട സാധ്യതയുളള മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 18 വരെ കൊല്ലം,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ 120 മുതല്‍ 130 കി.മി വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.