എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണ് കേസരി, പ്രത്യേകിച്ച് മധുരപ്രിയർക്ക്. വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകളുപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണിത്. വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്ന മറ്റേത് വിഭവമാണുള്ളത്? അങ്ങനെയെങ്കിൽ റവ കേസരി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
ചേരുവകൾ
റവ - ഒരു കപ്പ്
നെയ്യ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
പാൽ - ആവശ്യത്തിന്
ഏലയ്ക്ക, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് റവയിട്ട് വറുക്കുക. ചെറിയ തീയിൽ വേണം റവ വറുക്കാൻ. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോൾ പാൽ ചേർത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കുക. ഇത് പാനിൽ നിന്നും വിട്ട് വരുന്ന പാകം ആകുമ്പോൾ തീ ഓഫ് ചെയ്ത ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇത് തണുത്ത ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്.