ഡോ. ഹരീഷ് പിള്ള,
സി.ഇ.ഒ ആസ്‌റ്റർ ഹോസ്‌പിറ്റൽസ് ആൻഡ് ക്ലിനിക്‌സ്
കൊവിഡ് കാലത്ത്, ഡിജിറ്റൽ ഹെൽത്ത്/ടെലിമെഡിസിൻ സൗകര്യത്തിന്റെ ഉപയോഗം ഏറെ വർദ്ധിച്ചിട്ടുണ്ട്. രോഗികൾക്ക് ഡോക്‌ടർമാരെ നേരിട്ട് കാണുക ലോക്ക്ഡൗണിൽ ബുദ്ധിമുട്ടാണല്ലോ. ഡിജിറ്റൽ ഹെൽത്ത് സംബന്ധിച്ച് നമുക്ക് നേരത്തേ നിയമമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ട്.
രോഗികൾക്ക് ഇത് നല്ല സൗകര്യമാണ്; പ്രത്യേകിച്ച് ഹൃദയസംബന്ധ അസുഖമുള്ളവർക്കും പ്രമേഹമുള്ളവർക്കും. വീട്ടിലിരുന്ന് ഡോക്‌ടറോട് ഫോളോ-അപ്പ് ചോദിക്കാം. അതേസമയം, എല്ലാ സന്ദർഭങ്ങളിലും ഇതു സാദ്ധ്യമല്ല. ഒരിക്കലെങ്കിലും ഡോക്‌ടറെ കാണണം. എന്നാലേ, ക്ലിനിക്കൽ ഡയഗ്‌നോസിസ് സാദ്ധ്യമാകൂ. എന്നാൽ, ചില അസുഖങ്ങളുടെ ഫോളോ-അപ്പ് കെയർ ടെലി മെഡിസിനിലൂടെ നടക്കും.
പുതിയ കാലത്ത്, ഇതൊരു നല്ല 'കോമ്പിനേഷൻ" ആയിരിക്കും. ക്ളിനിക്കൽ കൺസൾട്ടേഷനും ഡിജിറ്റൽ കൺസൾട്ടേഷനും ഒരുപോലെ ഉപയോഗിക്കാം. ഇനി, ഇതായിരിക്കും ആരോഗ്യ സേവനരംഗത്തെ പുതിയൊരു മോഡൽ.
ചെറിയ ആശുപത്രികൾക്ക്, തീവ്രപരിചരണ സൗകര്യമൊക്കെ ഒരുക്കുകയെന്നത് ഏറെ സാമ്പത്തിക ചെലവുള്ള കാര്യമാണ്. ഡിജിറ്റൽ സൗകര്യമാകുമ്പോൾ ഒരിടത്ത് കമാൻഡ് സെന്റർ സജ്ജമാക്കിയാൽ, നാലോ അഞ്ചോ ചെറിയ ആശുപപത്രികൾക്കായി ഒരു വലിയ ആശുപത്രിക്ക് ഇലക്ട്രോണിക് - ഐ.സി.യു (ഇ-ഐ.സി.യു) ആശയം നടപ്പാക്കാം.
ആരോഗ്യ രംഗത്തെ മാനവവിഭവശേഷി കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. ആരോഗ്യരംഗത്ത് മുന്നേറിയ കേരളത്തിന്, മറ്റു സംസ്ഥാനങ്ങളെ സഹായിക്കാനും കഴിയും. അതുപോലെ, കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) 'ചാറ്ര്‌ബോട്ട്" വച്ച് ഡോക്‌ടറുടെയും രോഗിയുടെയും സമയം പാഴാക്കാതെ, ചോദ്യങ്ങൾ ഉന്നയിക്കാം.
മാനസിക പിരിമുറുക്കമുള്ളവർക്ക് ഇത് പ്രയോജനകരമാകും. കേരളം, ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. എ.ഐ ചാറ്ര് ബോട്ടുകളിലൂടെയുള്ള കൺസൾട്ടിംഗിലൂടെ ഈ നിരക്ക് കുറയ്ക്കാനാകും. ആരോഗ്യ രംഗത്ത് ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയും ധനമന്ത്രി പറഞ്ഞു. കാൻസറിനും മറ്രും കുറഞ്ഞ ചെലവിലെ ചികിത്സയ്ക്കായി മെഡിക്കൽ ഐസോടോപ്പ് വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തതിൽ ഗവേഷണ റിയാക്‌ടർ സജ്ജമാക്കുമെന്നത് ആരോഗ്യരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. അതേസമയം, ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ സ്വകാര്യ ആരോഗ്യ സേവന മേഖലയെ രക്ഷാപാക്കേജിൽ ധനമന്ത്രി പരിഗണിച്ചതേയില്ല എന്നത് ഖേദകരമാണ്.