obama
OBAMA

വാഷിംഗ്ടൺ: കൊവിഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി വിമർശിച്ച് മുൻ പ്രസി‌ഡന്റ് ബറാക് ഒബാമ. അമേരിക്കയിൽ കൊവിഡ് നിയന്ത്രിക്കാനാവാത്തത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞു. ഓൺലൈൻ വഴി ഒരു ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെയും ഒബാമ വിമർശിച്ചു. പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ പലരും പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്നും എല്ലാത്തരത്തിലും നിഷ്ക്രിയരായ ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ അമേരിക്കയിൽ വംശീയ പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ കറുത്ത വംശജർ നേരിടുന്ന സാമൂഹിക അസമത്വം വീണ്ടും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

ജോർജിയയിൽ ആഫ്രിക്കൻ വംശജനായ അഹമ്മദ് ആർബെറി വെടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒബാമ ട്രംപിനെ പരോക്ഷമായി വിമർശിക്കുന്നത്. 2017ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം അപൂർവമായി മാത്രമാണ് ഒബാമ ട്രംപ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയിട്ടുള്ളത്.