meghamala



മേഘമല പേര് പോലെ തന്നെ ദ്യശ്യഭംഗിയുള്ള സ്ഥലമാണ്.തമിഴ് നാട്ടിലെ തേനി ജില്ലയിലെ ചിന്നമണ്ണൂരിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ചാൽ മേഘമലയിലെത്താം. പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ മേഘമലയിൽ തേയില, കാപ്പി, ഏലം എസ്റ്റേറ്റുകളുണ്ട്. വന്യജീവി കേന്ദ്രം കൂടിയാണ്.ചിന്നമണ്ണൂരിൽ നിന്ന് കാറ്റാടിപ്പാടങ്ങളുടെയും മുന്തിരിത്തോട്ടങ്ങളുടെയും ഇടയിലൂടെ നിവർന്ന് കിടക്കുന്ന റോഡ് ചെന്നെത്തുന്നത് മേഘമലയുടെ അടിവാരത്താണ്.മുൻപ് വീതി കുറത്ത ദുർഘടമായ പാതയായിരുന്നു. ഇപ്പോൾ വീതി കൂട്ടി പണിതിരിക്കുന്നു.വയനാടൻ ചുരത്തെ ഓർമ്മിപ്പിക്കും ഇതുവഴിയുള്ള യാത്ര.മനോഹരമായ പൂക്കളുടെ പേരുകളിട്ടിരിക്കുന്ന പതിനെട്ട് ഹെയർ പിൻവളവുകൾ കയറി ചെല്ലുമ്പോൾ ഹരിതാഭമാർന്ന മലനിരകളെ തഴുകി മേഘക്കൂട്ടങ്ങൾ പറന്നു നടക്കുന്ന കാഴ്ച കാണാം.മലനിരകളിൽ പച്ചമെത്ത വിരിച്ച പോലെ തേയിലച്ചെടികളും കാപ്പിയും ഏലവും നിറഞ്ഞ വിവിധ സസ്യജാലങ്ങളുടെ കലവറയാണ് മേഘമല. വിവിധയിനം പക്ഷികളെയും കാണാം.കോട മഞ്ഞും തണുപ്പും നിറഞ്ഞ മേഘമലയിലെ പ്രഭാത കാഴ്ച സുന്ദരമാണ്.വാഹനങ്ങളുടെ ബഹളമില്ലാത്ത ശാന്ത സുന്ദരമായ അന്തരീക്ഷം.തേയിലക്കാട്ടിലൂടെ തടാകത്തിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളും പുലിയും കാട്ടുപോത്തും ഉൾപ്പെടെ വന്യ ജീവികളുടെ വിഹാരകേന്ദ്രവുമാണ്.സമുദ്രനിരപ്പിൽ നിന്നു ഏകദേശം ആയിരത്തഞ്ഞൂറടി പൊക്കത്തിൽ ആറായിരം ഏക്കറിൽ വിശാലമായി കിടക്കുന്ന മേഘമലയിലെ മനോഹരങ്ങളായ മറ്റ് സ്ഥലങ്ങളാണ് തൂവാനം ഡാം,മണലാർ എസ്‌റ്റേറ്റ്, മണലാർ ഡാം, ഇറവങ്കലർ ഡാം, വെണ്ണിയാർ ടീ എസ്റ്റേറ്റ്,അപ്പർ മണലാർ ടീ എസ്റ്റേറ്റ്,ഹൈവേ വിസ് ഡാം, മഹാരാജാ മെട്ട്. ആഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ഇവിടെ സീസൺ. മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടങ്ങളും ദൃശ്യവിരുന്നൊരുക്കും.വലിയ കാൻവാസിൽ വരച്ചിട്ട പെയിന്റിംഗ് പോലെയാണ് മേഘമല.കോൺക്രീറ്റ് കെട്ടിടങ്ങളില്ലാത്ത സ്ഥലമെന്ന പ്രത്യേകതയും മേഘമലയ്ക്കുണ്ട്. കേരളത്തിനോട് അടുത്ത് കിടക്കുന്ന മനോഹരമായ ഈ സ്ഥലം സിനിമാക്കാർക്കും ടൂറിസ്റ്റുകൾക്കും ഇഷ്ട സ്ഥലമായി മാറുകയാണ്. ഉത്തമ പാളയം പഞ്ചായത്തിന്റെ ഗസ്റ്റ് ഹൗസും സ്വകാര്യ ബംഗ്ലാവുകളുമാണ് താമസ സൗകര്യങ്ങൾ. നാടൻ ഭക്ഷണം കിട്ടുന്ന ചെറിയ രണ്ട് ഹോട്ടലുകളുമുണ്ട്. കേരളത്തിലെ മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന കാഴ്ചകൾ ഇവിടെ ഉണ്ടെങ്കിലും മേഘമലയിലെ കാഴ്ച വ്യത്യസ്തമാണ്.