ആത്‌മനിർഭർ ഭാരത് പാക്കേജിന്റെ 5-ാം ഘട്ടത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി നിർമ്മല സീതാരാമൻ
കൊച്ചി: 'സ്വകാര്യവ്തരണ" ആശയത്തിലൂന്നിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മനിർഭർ ഭാരത് പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനങ്ങളും പൂർത്തിയാക്കിയത്. ആദ്യ നാല് ഘട്ടങ്ങളെ അപേക്ഷിച്ച്, ഏറ്റവും നിർണായകമായ പ്രഖ്യാപനങ്ങൾ ഇന്നലെ കണ്ടു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പുതിയ നയം കൊണ്ടുവരുമെന്ന് പറഞ്ഞ നിർമ്മല, തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ കമ്പനികളെയും അനുവദിക്കുമെന്ന് വ്യക്തമാക്കി.
തന്ത്ര പ്രധാനമേഖലയിൽ ഒരു പൊതുമേഖലാ കമ്പനിയെ ഉണ്ടാകൂ. ഈ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിച്ച്, അവയുമായി മത്സരത്തിനുള്ള അവസരം ഒരുക്കും. മറ്റു മേഖലകളിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാകൂ. മറ്റുള്ളവയെ ലയിപ്പിക്കും അല്ലെങ്കിൽ വിറ്റൊഴിയും. സ്വകാര്യ കമ്പനികളെയും ഈ മേഖലയിലും അനുവദിക്കും. 339 കേന്ദ്ര പൊതുമേഖലാ കമ്പനികളാണുള്ളത്. അവയിൽ പലതും ഒരേ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നു. കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, ഇത്തരം കമ്പനികളെ ലയിപ്പിക്കാണ് നീക്കം.
പൊതുമേഖലാ
ഓഹരി വില്പന
എയർ ഇന്ത്യ, ബി.പി.സി.എൽ., കോൺകോർ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്രൊഴിയാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്.
കഴിഞ്ഞവർഷം (2019-20) പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാർ പ്രതീക്ഷിച്ച വരുമാനം 1.05 ലക്ഷം കോടി രൂപയാണ്; കിട്ടിയത് 65,000 കോടി രൂപ.
നടപ്പുവർഷം (2020-21) ലക്ഷ്യം 2.10 ലക്ഷം കോടി രൂപ.
എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനവഴി (ഐ.പി.ഒ) 90,000 കോടി രൂപയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലൂടെ 1.20 ലക്ഷം കോടി രൂപയുമാണ് സമാഹരിക്കുക.
2019 മാർച്ചിലെ കണക്കുപ്രകാരം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ആസ്‌തിമൂല്യം ₹12.08 ലക്ഷം കോടി.
കമ്പനീസ് ആക്‌ടിൽ
വലിയ ആശ്വാസം
കമ്പനീസ് ആക്‌ടിന് കീഴിലുള്ള കമ്പനികൾക്ക് ഗുണകരമാണ്, ഇളവുകൾ നൽകിയ ധനമന്ത്രിയുടെ തീരുമാനം. വാർഷിക പൊതുയോഗങ്ങളും അവകാശ ഓഹരി വില്പനയും ഇനി ഡിജിറ്റലാക്കാം. സി.എസ്.ആർ പദ്ധതിക്ക് കൂടുതൽ സാവകാശവും കിട്ടും.
തിരിച്ചടവുകളിൽ വീഴ്‌ചവരുത്തിയ ചെറു കമ്പനികൾക്കും സ്റ്രാർട്ടപ്പുകൾക്കും കുറഞ്ഞ പിഴയേ ഇനി ചുമത്തൂ. ഐ.ബി.സി കേസ് നടപടിക്രമങ്ങളിലേക്ക് പോകാനുള്ള കുറഞ്ഞ തുക ഒരുലക്ഷം രൂപയിൽ നിന്ന് ഒരുകോടി രൂപയായി ഉയർത്തിയത് എം.എസ്.എം.ഇകൾക്ക് പ്രയോജനകരമാണെന്ന് സി.ഐ.ഐ കേരള വൈസ് ചെയർമാനും ബ്രാഹ്‌മിൻസ് കേരള എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. കേരളം പോലെ,, ചെറുകിട കമ്പനികൾ ഒട്ടേറെയുമുള്ള സംസ്ഥാനത്തിന് ഇത് നേട്ടമാണ്.
അതേസമയം, ഇളവുകൾ കിട്ടുന്ന കമ്പനികൾ, അതിനനുസൃതമായി അച്ചടക്കം പാലിക്കണം. ഇത്, ഭാവിയിലെ നിക്ഷേപ വേളകളിൽ ഗുണം ചെയ്യും. ഗ്രാമീണ, കാർഷിക, ചെറുകിട മേഖലയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. അവയെ പിന്തുണയ്ക്കുന്നതും സമ്പദ്മേഖലയ്ക്കാകെ ആത്മവിശ്വാസം പകരുന്നതുമാണ് ആത്മനിർഭർ പാക്കേജെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വകാലത്തിൽ
ഗുണം ചെയ്യില്ല
20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ രണ്ടുലക്ഷം കോടി രൂപയോളമാണ് (ജി.ഡി.പിയുടെ ഒരു ശതമാനം) കേന്ദ്രം നേരിട്ട് ചെലവിടുന്നത്. ബാക്കി കടം മേടിക്കാനും നിക്ഷേപം നടത്താനും ബിസിനസുകാരെയും ജനങ്ങളെയും പ്രേരിപ്പിക്കുന്ന വ്യവസ്ഥകളാണ്.
കൊവിഡിന് മുമ്പേ തളർന്നതാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ. കൊവിഡ് ഭീതി ഒഴിയാതെ ആളുകൾ കടം മേടിക്കാനോ നിക്ഷേപിക്കാനോ മുതിരുമെന്ന് കരുതുന്നില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഡയറക്‌ടർ സി.ജെ. ജോർജ് പറഞ്ഞു. അതുകൊണ്ട്, ഈ പാക്കേജ് ഉടനെ ഒരു മാറ്റം കൊണ്ടുവരുമെന്ന് കരുതുന്നില്ല. എല്ലാ മേഖലകളിലും ആഭ്യന്തര-വിദേശ സ്വകാര്യ മൂലധനം ഉയർത്താനാണ് പാക്കേജിൽ കൂടുതൽ ഊന്നൽ. സ്വകാര്യവത്കരണം കുത്തകവത്കരണമായി മാറിയാൽ ദോഷം ചെയ്യും. സ്വകാര്യവത്കരണം വിജയിക്കണമെങ്കിൽ 'മത്സരക്ഷമത"യും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.