വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയിൽ നിന്നും നിയന്ത്രണങ്ങൾ നീക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020നുള്ളിൽ കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള യു.എസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞത്.
കൊവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധങ്ങൾ വികസിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങളുമായാണ് ട്രംപ് താരതമ്യപ്പെടുത്തിയത്. സാഹചര്യം ഏതായാലും അമേരിക്കൻ ജനതയുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പതിവ് വാർത്താസമ്മേളനത്തിൽ വാക്‌സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. വാക്‌സിൻ വികസിപ്പിക്കാനുള്ള ഈ പരിശ്രമങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കാനായി രൂപം കൊടുത്ത മാൻഹട്ടൻ പദ്ധതിക്ക് സമാനമാണെന്നും ട്രംപ് പറഞ്ഞു.
അവകാശവാദവുമായി അമേരിക്കൻ മരുന്ന് കമ്പനി
കൊവിഡ് 19-ന് കാരണക്കാരനായ കൊറോണ വൈറസിനെ പൂർണമായും പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്കൻ മരുന്ന് കമ്പനി. കാലിഫോർണിയയിലെ സൊറെന്റൊ തെറാപ്യൂട്ടിക്‌സ് എന്ന മരുന്നു കമ്പനിയാണ് വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി വികസിപ്പിക്കാനായെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. മനുഷ്യരിൽ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ല. എന്നാൽ മരുന്നിന് അംഗീകാരം നേടുന്നതിനായി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കമ്പനി അധികൃതർ വ്യക്തമാക്കി.