തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിനും ചികിത്സാ, സുരക്ഷാ ഉപകരണങ്ങൾക്കുമായി എം.എൽ.എ ഫണ്ടിൽ നിന്നും 1.5 കോടി രൂപ അനുവദിച്ചതിൽ ആദ്യഘട്ടമെന്ന നിലയിൽ 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ഫോർട്ട് താലൂക്കാശുപത്രി, പൂന്തുറ സി.എച്ച്.സി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വെട്ടുകാട്, ചാക്ക, പാൽക്കുളങ്ങര, ജഗതി, രാജാജി നഗർ എന്നീ ആശുപത്രികളിലേക്ക് ചികിത്സാ ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളുമാണ് ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത്. പോർട്ടബിൾ എക്‌സ്‌റേ, അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ, ലാപ്രോസ്‌കോപ്പ് മെഷീൻ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഫോർട്ട് ആശുപത്രിയിൽ സജ്ജമാക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടുത്തഘട്ടമായി വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 60 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള അനുമതിയും, 30 ലക്ഷം രൂപ ചെലവിൽ പൂന്തുറ ആശുപത്രിയിൽ ലിഫ്ട് സ്ഥാപിക്കാനുള്ള ഭരണാനുമതിയും ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.