hanan

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹാസപൂർവ്വം വിമർശിച്ച ഹനാൻ ഹനാനിക്കെതിരെ സോഷ്യൽ മീഡിയാ ആക്രമണം. ഈ വീഡിയോ ഹനാൻ തന്റെ ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവിനെ വിമർശിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഹനാനെതിരെ കോൺഗ്രസ് ആഭിമുഖ്യമുള്ളവർ രംഗത്തെത്തിയത്.

'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ. അതെ. പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം' എന്നായിരുന്നു ഹനാൻ തന്റെ വീഡിയോയിലൂടെ പറയുന്നത്.

ഇതാണ് കോൺഗ്രസ് അനുകൂലികളെ ചൊടിപ്പിച്ചത്. ഹനാന് വേണ്ടി പണ്ട് കോൺഗ്രസാണ് ആദ്യം സഹായവുമായി വന്നതെന്നും ഇടതുപക്ഷ സർക്കാരിൽ നിന്നും സഹായം ലഭിച്ചപ്പോൾ ഹനാൻ ഇപ്പോൾ കൂറുമാറുകയാണെന്നുമാണ് കോൺഗ്രസ് അഭിമുഖ്യമുള്ളവർ ഹനാന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളിലൂടെ പറയുന്നത്

'വയറ്റിൽപിഴപ്പിനു വേണ്ടി നീ നാടകം കളിച്ചപ്പോൾ ഒരു മനസ്സായി വന്നു സപ്പോർട്ട് ചെയ്തവരാണ് ഞങ്ങൾ. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു. കുട്ടി സർക്കാരിന്റെ മകൾ ആകുന്നതിനു മുൻപ് സഹായവുമായി ഓടിയെത്തിയ മനുഷ്യനാണ് രമേശ്‌ ചെന്നിത്തല. നന്ദി കാണിക്കണ്ട, പക്ഷെ വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുത്' എന്നതായിരുന്നു ഇതിൽ ഒരാളുടെ പ്രതികരണം.

എന്നാൽ തനിക്ക് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ കൊണ്ട് സഹായം ലഭിച്ചിട്ടില്ലെന്നും ആരും തനിക്ക് വീട് വച്ച് നൽകിയിട്ടില്ലെന്നും ഹനാൻ കമന്റ് ബോക്സിൽ വ്യക്തമാക്കുന്നു. തനിക്ക് ചികിത്സാ സഹായം നൽകിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണെന്നും സാധാരണക്കാർ തനിക്ക്സഹായമായി നൽകിയ ഒന്നര ലക്ഷം രൂപ താൻ പ്രളയ സഹായമായി തിരിച്ചുനൽകിയതാണെന്നും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്.