kiss-celibration

ബുണ്ടസ് ലിഗയിൽ മുത്തംവച്ച് ഹെർത്ത ബെർലിൻ താരങ്ങളുടെ ഗോളാഘോഷം

കൊവിഡ് ചട്ടം ലംഘിച്ചതിന് തത്കാലം നടപ‌ടിയെടുക്കുന്നില്ലെന്ന് അധികൃതർ

ബെർലിൻ : അധികൃതർ എത്രയൊക്കെ കർക്കശമായി പറഞ്ഞാലും ഫുട്ബാളിൽ ഗോളടിച്ചാലുള്ള സന്തോഷം ഒന്നുവേറെയാണ്. കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങളൊക്കെ കാറ്റിൽപ്പറത്തി അപ്പോഴൊന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ചുപോകും. കഴിഞ്ഞ ദിവസം ജർമ്മൻ ബുണ്ടസ് ലിഗ പുനരാരംഭിച്ചപ്പോൾ ഹെർത്ത ബെർലിൻ താരം ഡെഡ്രിക്ക് ബൊയാട്ടയും അത്രയേ ചെയ്തുള്ളൂ. കർക്കശമായ സുരക്ഷാ സന്നാഹങ്ങളോടെ നടത്തിയ മത്സരത്തിലാണ് ബൊയാട്ട ഇൗ കുരുത്തക്കേട് കാണിച്ചതെങ്കിലും ആദ്യ സംഭവമായതിനാൽ വിലക്ക് ഉൾപ്പടെയുള്ള നടപടികൾ വേണ്ടെന്ന നിലപാടിലാണ് ജർമ്മൻ ഫുട്ബാൾ അധികൃതർ.

കഴിഞ്ഞ ദിവസം ഹോഫൻഹേയ്മിനെതിരായ മത്സരത്തിലാണ് ബൊയാട്ട സഹതാരം മാർക്കോ ഗ്രുജിക്കിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്. മറ്റു ടീമുകളിലെ താരങ്ങൾ ഗോളാഘോഷിക്കാൻ വ്യത്യസ്ത മാർഗങ്ങൾ തേടിപ്പോഴാണ് ബൊയാട്ട ചുംബനത്തിനൊരുങ്ങിയത്. ബൊറൂഷ്യ ഡോർട്ട്മുണ്ട് താരങ്ങൾ ഗോളാഘോഷിക്കാൻ കൈമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റുള്ളവർ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ആഘോഷമാണ് നടത്തിയത്.

താരങ്ങൾ പല തവണ കൊവിഡ് ടെസ്റ്റ് നടത്തിയവരായതിനാലും രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞതിനാലും ഉമ്മ കൊണ്ട് കുഴപ്പമില്ലെന്നാണ് ക്ളബ് അധികൃതർ പറയുന്നത്. എന്നാൽ കളിക്കാർക്ക് നൽകിയിരിക്കുന്ന ഉപദേശങ്ങൾ പാലിക്കാതിരുന്നാലുള്ള നടപടിയെക്കുറിച്ച് തീരുമാനിക്കാത്തതിനാലാണ് ബൊയാട്ടയെ വെറുതെ വിട്ടത് എന്നും പറയുന്നു.