ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തർസംസ്ഥാന ബസ് സർവീസുകൾക്കും സംസ്ഥാനത്തിനകത്തെ ബസ് സർവീസുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. അതേസമയം 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
പുതുക്കിയ ലോക്ക്ഡൗൺ മാർഗ നിർദ്ദേശ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകള്ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല.
ആരാധനാലയങ്ങൾ, റസ്റ്റാറന്റുകൾ, തയേറ്ററുകൾ, മാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും. അന്തർസംസ്ഥാന ബസ് സർവീസുകൾ ഉപാധിയോടെ ഉണ്ടാവും. രാത്രിയാത്രക്കും കടുത്ത നിയന്ത്രണം ഉണ്ട്.
∙ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും
∙ എല്ലാ തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂർണമായും വിലക്കി.
∙ ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിംഗ് പ്രോത്സാഹിപ്പിക്കും
∙ ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
∙ ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്റാറന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്ക് പ്രവർത്തിക്കാം.
∙ ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലെ കാന്റീനുകൾക്ക് പ്രവർത്തിക്കാം.
∙ സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടത്.
∙ സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
∙ എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേരലുകൾക്ക് കർശന വിലക്ക് തുടരും.
∙ കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരു സമയം പങ്കെടുക്കാം.
∙ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
∙ ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
∙ നൈറ്റ് കർഫ്യൂ നടപ്പാക്കുന്നയിടങ്ങളിൽ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനത്തിലേർപ്പെടുന്നവർക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു തീരുമാനമെടുക്കാം
∙ ആവശ്യങ്ങൾക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസീനു മുകളിലുള്ളവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
∙ പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.
നാലാം ഘട്ട ലോക്ഡൗൺ നേരത്തേയുള്ളതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.