ന്യൂഡൽഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തടവുകാരെ നിബന്ധനകൾക്ക് വിധേയമായി വിട്ടയയ്ക്കണമെന്ന സുപ്രീം കോടതി നിർദ്ദേശപ്രകാരം അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് 23,000 തടവുകാർ ജയിൽ മോചിതരായി. 7,200 തടവുകാരെ മോചിപ്പിച്ച മഹാരാഷ്ട്രയും 6,500 പേരെ വിട്ടയച്ച മദ്ധ്യപ്രദേശുമാണ് മുന്നിൽ. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത വിചാരണ തടവുകാരെയും പരോളിലുള്ളവരെയും വിട്ടയയ്ക്കാനാണ് കോടതി നിർദേശിച്ചത്. ഇതുസംബന്ധിച്ച് ഉന്നതതല സമിതി രൂപവത്കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാർച്ചിൽ നിർദേശം നൽകിയിരുന്നു.
10,000ത്തോളം പേരെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമെന്ന നിലയിൽ ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാനാണിതെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്തിലെ 28 ജയിലുകളിൽനിന്നായി 2500 തടവുകാരെ വിട്ടയച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ 44 തടവുകാർക്ക് ഗോവ സെൻട്രൽ ജയിൽ പരോൾ അനുവദിച്ചു. മറ്റു സംസ്ഥാനങ്ങളും നിരവധി പേർക്ക് വിടുതൽ നൽകിയിട്ടുണ്ട്.