gujarat

അഹമ്മദാബാദ്: കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായ വൃദ്ധന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ കണ്ടെത്തി. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം നടന്നത്. കഴിഞ്ഞ പത്താം തീയതി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായ 67കാരൻ ചാഗ്ഗൻ മക്വാനയ്ക്ക് പതിമൂന്നാം തീയതിയാണ് കൊവിഡ് രോഗം ഉള്ളതായി കണ്ടെത്തിയത്. ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദിലെ ദനിലിംഡ എന്ന സ്ഥലത്തെ ബസ് സ്റ്റാൻഡിൽ നിന്നും ഗുജറാത്ത് പൊലീസ് കണ്ടെടുത്തത്.

എന്നാൽ ഈ വിവരം യഥാസമയം ചാഗ്ഗന്റെ ക്വറന്റീനിൽ ആയിരുന്ന ബന്ധുക്കളെ അറിയിക്കാൻ പൊലീസോ ആശുപത്രി അധികൃതരോ തയ്യാറായില്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തുകഴിഞ്ഞ ശേഷം മാത്രമാണ് പൊലീസുകാർ ചാഗ്ഗന്റെ വസ്ത്രത്തിൽ നിന്നും ലഭിച്ച ബന്ധുവിന്റെ നമ്പറിലേക്ക് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ആശുപത്രി അധികൃതരാണ് മൃതദേഹം ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഇട്ടതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.

ചാഗ്ഗന് വീട്ടിൽ ക്വറന്റീനിൽ കഴിയേണ്ട അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ മൃതദേഹം എങ്ങനെയാണ് ബസ് സ്റ്റാൻഡിൽ എത്തിയതെന്ന് തങ്ങൾക്ക് അറിയില്ലെന്നും ആശുപത്രിയിലെ കൊവിഡ് പ്രത്യേക ഡ്യൂട്ടി ഓഫീസറായ എം.എം പ്രഭാകർ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെ.പി ഗുപ്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.