ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശ് അതിർത്തിയിൽ എത്താനായി സഹായിച്ച ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി, ഉത്തർപ്രദേശ് അതിർത്തിയിൽ വേണ്ടവിധം സാമൂഹ്യ അകലം പാലിക്കാതെ തൊഴിലാളികളെ എത്തിച്ചതിനെ തുടർന്നാണ് ചൗധരിയെ കരുതൽ തടങ്കലിൽ വയ്ക്കുന്നതെന്നാണ് ഡൽഹി പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ദുരന്ത നിവാരണ നിയമ പ്രകാരവും ഐ.പി.സി 188 പ്രകാരവും അനിൽ ചൗധരിക്കെതിരേ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നും ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലേക്ക് വാഹനങ്ങളിൽ തൊഴിലാളികളെ എത്തിച്ചിരുന്നു.
300 തൊഴിലാളികളെ ഇത്തരത്തിൽ കോൺഗ്രസ് ഗാസിപ്പൂരിലേക്ക് എത്തിച്ചതായാണ് വിവരം. അനിൽ ചൗധരിയുടെ വീട്ടിലെത്തിയാണ് ഡൽഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഡൽഹിയിൽ നാട്ടിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നു.