ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. അന്തർ ജില്ലാ യാത്രകൾക്ക് കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളും ബസുകൾക്കും പോകാം. എന്നാൽ സംസ്ഥാനം വിട്ടുള്ള യാത്രകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളിൽ കഴിയുന്നവരുമായി പ്രതിരോധ ഏജൻസികൾ നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്ത് സഞ്ചാരം അനുവദിക്കില്ല. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെ പ്രായമുള്ളവരും ഗർഭിണികളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും വീടുകൾക്ക് അകത്ത് തന്നെ കഴിയണമെന്ന് നിർദ്ദേശമുണ്ട്.
ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.
എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.
എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.