ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂപ്പുകുത്തിയ ഇന്ധന ഉപഭോഗം മെല്ലെ തിരിച്ചുകയറുന്നു. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതും ഫാക്‌ടറികൾ പ്രവർത്തനം പുനരാരംഭിച്ചതും പെട്രോൾ, ഡീസൽ ഡിമാൻഡ് മെച്ചപ്പെടാൻ സഹായകമായി. ഏപ്രിലിൽ 56.5 ശതമാനം ഇടിഞ്ഞ ഡീസൽ ഉപഭോഗം, മേയിൽ ആദ്യ രണ്ടാഴ്‌ചക്കാലത്ത് ഇടിവ് 28 ശതമാനമായി കുറച്ചു.
പെട്രോൾ ഉപഭോഗ ഇടിവ് 61 ശതമാനത്തിൽ നിന്ന് 47.5 ശതമാനമായും കുറഞ്ഞു. വ്യോമ ഇന്ധന വില്പനനഷ്‌ടം ഈമാസം ഇതുവരെ 87 ശതമാനമാണ്. ഏപ്രിലിൽ വില്പന 91.5 ശതമാനം കുറഞ്ഞിരുന്നു. അതേസമയം, ലോക്ക്ഡൗൺ മൂലം വീട്ടിൽത്തന്നെ കഴിയുന്ന ജനം, പാചകത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് വ്യക്തമാക്കി എൽ.പി.ജി ഉപഭോഗം ഇരട്ടിച്ചു. ഏപ്രിലിൽ വില്പന വളർച്ച 12 ശതമാനമായിരുന്നത്, ഈമാസം ഇതുവരെ 24 ശതമാനമായി.
കടുത്ത നിയന്ത്രണങ്ങളോടെയാണ് ഫാക്‌ടറികൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയത്. ഇതോടെ, ചരക്കുവാഹനങ്ങളുടെ നീക്കം വർദ്ധിച്ചു. നിരത്തുകളിൽ സ്വകാര്യവാഹനങ്ങൾ കൂടുതൽ നിറഞ്ഞതും പെട്രോൾ, ഡീസൽ ഡിമാൻഡുയർത്തി. ലോക്ക്ഡൗൺ മേയ് 31വരെ നീട്ടിയെങ്കിലും വാഹന ഉപയോഗത്തിന് ഇളവുകൾ ഉള്ളതിനാൽ ഇന്ധന വില്പന കൂടുതൽ മെച്ചപ്പെടുമെന്നാണ് പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പ്രതീക്ഷ. ഇന്ത്യയിൽ വിറ്രഴിയുന്ന മൊത്തം ഇന്ധനത്തിന്റെ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിഹിതമാണ്.
എൽ.പി.ജിക്ക് നല്ല പ്രിയം
ഏപ്രിലിലെ ആദ്യ രണ്ടാഴ്‌ചക്കാലത്ത് എൽ.പി.ജി വില്പന വളർച്ച 21 ശതമാനമായിരുന്നു. തുടർന്നുള്ള രണ്ടാഴ്‌ചകളിൽ വില്പന താഴ്‌ന്നു. ഇത്, ഏപ്രിലിലെ മൊത്തം വില്പന വളർച്ചയെ 12 ശതമാനത്തിലേക്ക് ചുരുക്കി. ഡിമാൻഡ് കുറഞ്ഞതല്ല; സിലിണ്ടർ വില കുറഞ്ഞതിനെ തുടർന്ന്, ഓർഡറുകൾ സ്വീകരിക്കുന്നതിൽ ഡീലർമാർ അല്പം മെല്ലെപ്പോക്ക് നയമെടുത്തു. എന്നാൽ, മേയിൽ ഇതുവരെ വില്പന വളർച്ച 24 ശതമാനമാണ്.
ഉത്‌പാദനം മേലോട്ട്
ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഇന്ധനസംസ്കരണം വർദ്ധിപ്പിച്ച് തുടങ്ങി. ഏപ്രിലിൽ മൊത്തം ശേഷിയുടെ 45 ശതമാനം ഉപയോഗിച്ച ഇന്ത്യൻ ഓയിൽ, ഇപ്പോൾ 60 ശതമാനമാക്കിയിട്ടുണ്ട്. ഈമാസം അവസാനത്തോടെ ഇത് 80 ശതമാനമാക്കും.
വില നിശ്ചലം
മാർച്ച് 14 മുതൽ പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. ലോക്ക്ഡൗണിന് ശേഷമേ വിലമാറ്റം പ്രതീക്ഷിക്കാനാകൂ. കേരളത്തിൽ വില (തിരുവനന്തപുരം):
പെട്രോൾ : ₹72.99
ഡീസൽ : ₹67.19