hima

നാളെ മുതൽ സ്‌റ്റേഡിയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി, കാണികളെ അനുവദിക്കില്ല

ന്യൂഡൽഹി: നാലാം ഘട്ട ലോക്ക്ഡൗൺ നിർദ്ദേശങ്ങളുടെ ഭാഗമായി സ്‌പോർട്സ് കോംപ്ളക്സുകൾ തുറക്കാൻ അനുമതി നൽകിയത് രാജ്യത്തെ കായിക താരങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണ്. കാണികളെ അനുവദിക്കരുതെന്ന നിർദ്ദേശവുമായാണ് സ്റ്റേഡിയങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. രാത്രി 7 മണിക്ക് ശേഷം മത്സരങ്ങൾ നടത്താൻ അനുമതിയില്ല.രണ്ടുമാസത്തോളമായി മുടങ്ങിക്കിടക്കുന്ന കായിക മത്സരങ്ങൾ പുനരാരംഭിക്കാനും അത്‌ലറ്റുകൾക്ക് വീണ്ടും പരിശീലനം തുടങ്ങാനുമുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലും കഴിഞ്ഞ ദിവസം ജർമ്മനിയിലും ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നു. ഇതേ മാതൃകയിൽ കാണികളെ ഒഴിവാക്കി കളി തുടങ്ങാനാണ് കേന്ദ്ര സർക്കാരും നിർദ്ദേശിച്ചിരിക്കുന്നത്. ഏതെല്ലാം മത്സരങ്ങൾ ഉടൻ നടത്താനാകും എന്ന് അതത് അസോസിയേഷനുകൾക്ക് തീരുമാനിക്കാം. എന്നാൽ വിമാന, ട്രെയിൻ, ബസ് സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ദേശീയ തലത്തിലുള്ള മത്സരങ്ങൾ ഉടനടി നടത്താനാവില്ല.പ്രാദേശിക മത്സരങ്ങൾ നടത്താനാണ് തത്കാലം സാധിക്കുക.

ഒളിമ്പിക്സ് താരങ്ങൾ ഹാപ്പി

സർക്കാരിന്റെ അനുമതി ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക ദേശീയ ക്യാമ്പുകളിൽ കുടുങ്ങിപ്പോയ ഒളിമ്പിക് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കായിക താരങ്ങൾക്കാണ്. രണ്ടുമാസത്തോളമായി ഇവർ വ്യക്തിപരമായ പരിശീലനം മാത്രമാണ് നടത്തിയിരുന്നത്. കഴിഞ്ഞവാരം കേന്ദ്ര കായിക മന്ത്രിയുമായുള്ള ഒരു ഒാൺലൈൻ ചർച്ചയിൽ ഗ്രൗണ്ടിലിറങ്ങി ട്രെയിനിംഗ് നടത്താൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ലഭിച്ച ഇളവ് പരിശീലനം നടത്താനുള്ള അനുമതിയായാണ് കായിക താരങ്ങൾ വിലയിരുത്തുന്നത്. പരിശീലനത്തിന് കാണികളുടെ സാന്നിദ്ധ്യം ഉണ്ടാവാറില്ല.

സാമൂഹിക അകലം മുഖ്യം

സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഃഡങ്ങൾ പാലിച്ചേ പരിശീലനം നടത്താനാകൂ എന്ന് വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാനദണ്ഡങ്ങളുണ്ടാക്കും.

പരസ്പരം സ്പർശിക്കുന്ന കായിക ഇനങ്ങൾ നടത്തുന്നതിനെപ്പറ്റിയും ധാരണ ഉണ്ടാവേണ്ടതുണ്ട്.