anjana


കാസർകോട്: ഗോവയിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടി അഞ്ജന ഹരീഷിന്റെ മരണത്തിൽ കാമുകനാകാം കാരണമായതെന്ന് അഞ്ജനയുടെ അടുത്ത സുഹൃത്തും സാമൂഹിക പ്രവർത്തക അജിതയുടെ മകളുമായ ഗാർഗി. തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെയാണ് ഗാർഗി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഞ്ജനയുടെ കാമുകൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അഞ്ജനയുടെ മറ്റ് സുഹൃത്തുക്കളും സമ്മതിക്കുന്നതായാണ് വിവരം.

അഞ്ജന മരണപ്പെട്ട സമയത്തിന് അൽപ്പം മുൻപ് തന്റെ കാമുകനുമായി സംസാരിച്ചിരിക്കുകയായിരുന്നുവെന്നും അതുവരെ സന്തോഷവതിയായി ഇരുന്ന പെൺകുട്ടി ശേഷം അസ്വസ്ഥയായി എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. ഇതിനു മുൻപായി അഞ്ജന തന്റെ ഫോണിൽ നിരവധി സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും അപ്പോഴൊക്കെ പെൺകുട്ടി ഏറെ സന്തോഷവതിയായിരുന്നുവെന്നും ഇവർ പറയുന്നുണ്ട്.

എന്നാൽ കാമുകനുമായി സംസാരിച്ച് കഴിഞ്ഞ ശേഷം രാത്രി 8.45 മണിയോടെ അഞ്ജന സുഹൃത്തുക്കളിൽ നിന്നും മാറി താമസിച്ചിരുന്ന കെട്ടിടത്തിന് പിറകുവശത്തേക്ക് പോയെന്നും ശേഷം തങ്ങൾ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മരത്തിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടതെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. അതേസമയം അഞ്ജനയുടെ മരണത്തിന് കാരണമായത് പെൺകുട്ടിയുടെ സൗഹൃദങ്ങളാണെന്ന് അഞ്ജനയുടെ അമ്മയും കുടുംബവും ആരോപിക്കുന്നു.

അഞ്ജന ഇവരുടെ കടുത്ത നിയന്ത്രണത്തിലായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് കാഞ്ഞങ്ങാട്ട് എത്തിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെയാണ് ഗോവ പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ അഞ്ജനയെന്ന ചിന്നു സുൾഫിക്കർ.