india

ന്യൂഡൽഹി: കൊവിഡ് വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലെത്തിയതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യ. യൂറോപ്യൻ യൂണിയൻ, ആസ്ത്രേലിയ എന്നിവർ നയിക്കുന്ന ഈ അന്വേഷണത്തിൽ 62 രാജ്യങ്ങളാണ് ഭാഗമാകുന്നത്. ഇതോടൊപ്പം ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയോ എന്നും രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മ അന്വേഷിക്കും.

ഇതാദ്യമായാണ് ഈ വിഷയത്തിൽ ഇന്ത്യ പരസ്യമായ ഒരു നിലപാട് അറിയിക്കുന്നത്. ചൈനയെ ലക്‌ഷ്യം വച്ചാണ് ഇന്ത്യ അന്വേഷണത്തിന് പിന്തുണ നൽകിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചൈനയുടെ ലാബിൽ നിന്നുമാണ് കൊവിഡ് വൈറസ് പുറത്തുവന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപണം ഉയർത്തിയിരുന്നു.

ഇതിനു പിന്നാലെ ആസ്‌ത്രേലിയ, ജർമനി, തുടങ്ങിയ നിരവധി രാജ്യങ്ങളും ഇക്കാര്യത്തിൽ സുതാര്യത വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇന്ത്യയും ഈ നിലപാട് തന്നെ സ്വീകരിക്കുകയാണെന്നാണ് സൂചന. കൊവിഡിന്റെ സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കും രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യ തടയിട്ടിരുന്നു.

ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെ സംഘടന ഇടപെടലുകൾ നടത്തണമെന്നും മാർച്ചിൽ നടന്ന ജി 20 സമ്മേളനത്തിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു.