രണ്ട് വയസുവരെയെങ്കിലും കുഞ്ഞുങ്ങൾക്ക് മൃഗങ്ങളുടെ പാൽ കൊടുക്കാതിരിക്കുന്നതാണ് ആരോഗ്യകരം. മൃഗങ്ങളുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധശേഷി കുറവായിരിക്കും. മൃഗങ്ങളുടെ പാലുകളിൽ അടങ്ങിയ ആനിമൽ പ്രോട്ടീനുകൾ ചിലപ്പോൾ നന്നായി ദഹിപ്പിക്കാൻ കുഞ്ഞിനു കഴിയണമെന്നില്ല. ഇവയ്ക്കെതിരെ ശരീരം പ്രതിദ്രവ്യങ്ങൾ ഉത്പാദിപ്പിച്ചേക്കാം. ഇത് പലതരം രോഗങ്ങൾക്ക് കാരണമാകും. കുഞ്ഞുങ്ങളിൽ എക്സിമ എന്ന ചൊറി, ആസ്ത്മ, ശ്വാസംമുട്ടൽ, കഫം, ചുമ, പലതരം അലർജികൾ, ചർമത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങൾ മറ്റു പാലുകൾ കാരണം ഉണ്ടാകുന്നു. മറ്റ് പാലുകളിൽ നിന്ന് അലർജിയുണ്ടാകാനുള്ള സാദ്ധ്യത പാരമ്പര്യമായി ഉള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണം. ഓർക്കുക, കുട്ടിയുടെ ബുദ്ധിവികാസത്തിനും തലച്ചോർ വികാസത്തിനും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുലപ്പാൽ.