india

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാംഘട്ടം പിന്നിട്ടിട്ടും കൊവിഡ് വ്യാപനം രൂക്ഷം. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 90,​698 ആയി ഉയർന്നു. 36,​795 പേർ രോഗമുക്തി നേടി. മരണം 2872. മഹാരാഷ്ട്ര,​ തമിഴ്മാട്,​ ഗുജറാത്ത്,​ ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമാകുന്നത്. മഹാരാഷ്ട്രയിൽ 33,​053 രോഗബാധിതർ. ഗുജറാത്ത് -11,​380,​ തമിഴ്നാട് -11,​224,​ഡൽഹി-9,755 എന്നിങ്ങനെയാണ് കണക്കുകൾ.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ 34 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 1,606 പേർക്കാണ് സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്തായി ഇന്ത്യ. ആദ്യത്തെ 75 ദിവസത്തിനുള്ളിൽ പതിനായിരം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 22 ന് 20,000 ആയി ഉയർന്നു. പിന്നീടുള്ള ഏഴുദിവസത്തിനുള്ളിൽ മുപ്പതിനായിരമായി. വീണ്ടും നാല് ദിവസത്തിനുള്ളിൽ നാൽപ്പതിനായിരമായി. ശേഷം 12 ദിവസത്തിനുള്ളിൽ 90,000 കടന്നു.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി പതിനാറായിരം കടന്നു. ഏറ്റവുമധികമാളുകൾക്ക് രോഗബാധ അമേരിക്കയിലാണ്. 24 മണിക്കൂറിൽ രോഗം ബാധിച്ചവരുടെ എണ്ണം 18,000ത്തിന് മുകളിലാണ്. കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം പതിനഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനുള്ളിൽ 820 പേരാണ് അമേരിക്കയിൽ മരിച്ചത്.