ന്യൂഡൽഹി:- സാമ്പത്തിക രംഗത്തെ ക്ഷീണത്തിനു പുറമേ കൊവിഡ്-19 രോഗബാധയും തകർത്ത ഇന്ത്യയിലെ വിവിധ മേഖലകളിൽ ഉണർവ്വേകുമോ സ്വാശ്രയ ഇന്ത്യ പാക്കേജ്? ആകെ 20,97,053 കോടിയുടെ സാമ്പത്തിക പാക്കേജ് മൈക്രോ, ചെറുകിട, മധ്യവർഗ്ഗ സംരംഭങ്ങൾ, കൃഷി, കുടിയേറ്റ തൊഴിലാളികൾ, പ്രതിരോധം, വ്യാപാരം മറ്റ് പ്രധാന മേഖലകൾ ഇവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ നിക്ഷേപം കാര്യമായി ആകർഷിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുന്ന ഇന്ത്യയുടെ പാക്കേജ് മറ്റ് രാജ്യങ്ങൾ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുമായി ഇന്ത്യൻ കൊവിഡ് പാക്കേജുമായി താരതമ്യം ചെയ്ത് നോക്കാം.
മൊത്തം ആഭ്യന്തര ഉൽപാദത്തിന്റെ 10% വരുന്ന പാക്കേജാണ് പ്രഖ്യാപിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അഞ്ച് ദിവസങ്ങളിലായി അവതരിപ്പിച്ച പാക്കേജിൽ ജിഡിപിയുടെ 6.4% ഉദ്ദേശം 12,95,450 കോടിരൂപ ഭക്ഷ്യ സുരക്ഷ, നേരിട്ടുള്ള പണം കൈമാറ്റം(ഡിബിറ്റി), ഗ്രാമീണ തൊഴിൽ സഹായ പദ്ധതികൾ, ഇവയുടെ സർക്കാർ ഈടുനിൽക്കുന്നതിനുളള തുക ഇവയ്ക്കാണ്.
രോഗം രൂക്ഷമായി ബാധിച്ച അമേരിക്കയിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.3% ആരോഗ്യ വ്യാപാര രംഗങ്ങളെ മെച്ചപ്പെടുത്താൻ മാറ്റിവച്ചിരിക്കുന്നു. 11% കെയെഴ്സ് നിയമത്തിനായി (CARES) നീക്കിവച്ചിരിക്കുന്നു. ജനങ്ങൾക്ക് കൊറോണ വൈറസ് ബാധയിൽ വേണ്ട സഹായം,ആശ്വാസം, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പാക്കുകയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഏപ്രിൽ 2 മുതൽ ഡിസംബർ 31 വരെ കൊറോണ ബാധിച്ച കുടുംബത്തിലെ തൊഴിൽ ചെയ്യുന്നവർക്കുള്ള ശമ്പളത്തോടുകൂടിയ അവധി ഉറപ്പാക്കാനുള്ള നിയമവും അമേരിക്ക പാസാക്കി. ഇതിന് ബഡ്ജറ്റിൽ നിന്നുള്ള തുക വകയിരുത്തി. ഫെഡറൽ റിസർവ്വിലെ പലിശ നിരക്കും അവർ കുറച്ചു.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.5 ശതമാനം ആണ് ചൈനയും കൊവിഡ് സമാശ്വാസ നടപടികൾക്ക് വകയിരുത്തിയത്. ഇതിൽ 1.2% ചിലവഴിച്ച് കഴിഞ്ഞു. ചൈനയിലെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന അവരുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്.
ജോലിയും ബിസിനസും സംരക്ഷിക്കാൻ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 21.1% വരുന്ന സാമ്പത്തിക പാക്കേജാണ് ജപ്പാൻ പ്രഖ്യാപിച്ചത്. തൊഴിൽ സംരക്ഷണത്തിനും ചെറുകിട തൊഴിൽ സംരംഭങ്ങൾക്കുമാണ് 16% മാറ്റിവച്ചിരിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്കും ബോണ്ടുകളും ധനസഹായവും ആവോളം ജപ്പാൻ നൽകുന്നുണ്ട്.
ജർമ്മനി 10.7% മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ നിന്നും കൊവിഡ് സഹായത്തിനായി നീക്കി വച്ചിരിക്കുന്നു. ജോലി സംരക്ഷിക്കാനും ഹ്രസ്വകാല തൊഴിലുകൾക്കുമായി 4.9% മാറ്റി വച്ചിരിക്കുന്നു. വീട്ടുപകരണങ്ങൾക്കും ചെറുകിട കച്ചവടമേഖലകളിലും മറ്റ് വായ്പാ പദ്ധതികൾക്കുമായും തുക വകയിരുത്തിയിട്ടുണ്ട്. മാർച്ച് 15 മുൻപ് എടുത്ത എല്ലാ ലോണിനും ജൂൺ 30 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്.