ram-pandit

ഡൽഹി: പാലത്തിന്റെ കൈവരിയിലിരുന്ന് ഫോൺ ചെയ്ത് പൊട്ടിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച കുടിയേറ്ര തൊഴിലാളികളുടെ ദയനീയാവസ്ഥ പുറത്ത് കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണമായി മാറുന്നു. രാജ്യ തലസ്ഥാനത്തെ നവാഡയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് റാം പുകാർ പണ്ഡിറ്റ്. ജോലി നഷ്ടമായി നാട്ടിലേക്ക് നടന്നു തുടങ്ങിയ റാം പുകാറിനെ നിസാമുദ്ദീൻ പാലത്തിനപ്പുറം കടക്കാൻ പൊലീസ് അനുവദിച്ചില്ല.

ആ സമയം അതുവഴി വന്ന പിടിഐ ഫോട്ടോഗ്രാഫറായ അതുൽ യാദവ് എടുത്ത ഈ ചിത്രം പറയുന്നത് റാം പുകാർ യാദവിന്റെ ദുരിത കഥയാണ്. 38 വയസ്സുകാരനായ റാം പുകാർ പണ്ഡിറ്രിന്റെ ഒരു വയസ്സുള്ള മകൻ മരണത്തിന്‌റെ വക്കിൽ നിൽക്കുന്നു എന്ന വാർത്ത അറിഞ്ഞാണ് സ്വദേശമായ ബീഹാറിലെ ബഗുസരായിലേക്ക് പുറപ്പെട്ടത്. വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ പണ്ഡിറ്റ് നടന്ന് പോകാൻ തുടങ്ങി.

നിസാമുദ്ദീനിലെ പാലത്തിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് നാട്ടിലേക്ക് വിളിച്ച് പൊട്ടിക്കരയുമ്പോഴാണ് അതുൽയാദവ് അവിടെത്തിയത്. ചിത്രവും വാർത്തയും മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ 1200 കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് പോകാൻ റാം പുകാർ പണ്ഡിറ്റിന് അവസരമായി.

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്നും ബിഹാറിലേക്കുള്ള കുടിയേറ്ര തൊഴിലാളികൾക്കായുള്ള ട്രെയിനിൽ പണ്ഡിറ്റിനെ അധികൃതർ യാത്രയാക്കി. നാട്ടിലെത്തിയ പണ്ഡിറ്റിനെ അടുത്തുള്ള സ്കൂളിൽ കൊവിഡ് രോഗ പരിശോധന നടത്തിയ ശേഷമേ വീട്ടിലേക്ക് അയക്കൂ.