agri

സ്വകാര്യവത്കരണം കാണാതെപോകുന്ന മനുഷ്യർ മന്ദീഭവിച്ച സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമഗ്രവും അപൂർവവുമായ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലല്ല ഈ കുറിപ്പ്. ഇരുപതു ലക്ഷം കോടിയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നവരും അവ വേണ്ടത്ര ഗുണം ചെയ്യില്ലെന്നു പറയുന്നവരുമുണ്ട്. കൃഷിക്കും വ്യവസായത്തിനും പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ നടത്തിയിട്ടുള്ള ഉത്തേജന പാക്കേജിലൂടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് നേടാനുദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. 'ആത്മ നിർഭർ ഭാരത്' എന്ന പേരിൽ ആത്മാഭിമാനം കൊണ്ട് നിർഭരമാവുന്ന ഭാരതത്തിന്റെ ചിത്രവും ഈ പ്രഖ്യാപനങ്ങളിൽ അന്തർഹിതമാണ്. ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വിപുലീകരിക്കുമെന്ന പ്രായേണ അപ്രധാനമായ ഒരു പ്രഖ്യാപനമുണ്ട് ഇക്കൂട്ടത്തിൽ.

ശൂന്യാകാശ മേഖലയിലും കൽക്കരി ഖനനത്തിലും പ്രതിരോധ ഉല്പാദന രംഗത്തും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പാക്കേജിൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനു മാത്രം എന്താണിത്ര പ്രാധാന്യം? ഇതൊരു സാമ്പത്തിക വിശകലനമല്ല; സ്വകാര്യവത്ക്കരണമെന്ന നയത്തെയും നിരാകരിക്കുന്നില്ല. പക്ഷെ സ്വകാര്യവത്ക്കരണത്തിൽ പലപ്പോഴും നഷ്ടമാവുന്ന മനുഷ്യത്വത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. വ്യോമയാന രംഗത്തും വിമാനത്താവളങ്ങളുടെ കാര്യത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ സാധാരണ മനുഷ്യരെ ബാധിക്കുന്നില്ലെന്നു പറയാനാണ് എളുപ്പം. കുറച്ചു മാസങ്ങൾക്കു മുമ്പ് മുംബൈ വിമാനത്താവളത്തിൽ കുറച്ചധികം നേരം ചെലവഴിക്കേണ്ടി വന്നു. അടുത്ത കസേരയിൽ സാമാന്യം മുഷിഞ്ഞ വേഷത്തിൽ ഇരുന്ന മധ്യവയസ്‌കനെ ഞാൻ ശ്രദ്ധിച്ചു. തീർച്ചയായും സ്ഥിരം വിമാന യാത്രക്കാരനല്ല. അത്യാവശ്യമായി മുംബെയിൽ വന്നതാണെന്ന് വ്യക്തം. ഞാൻ ഒരു കുപ്പി വെള്ളം വാങ്ങി വന്നു കസേരയിലിരിക്കുമ്പോൾ അയാൾ എന്നോട് അതിന്റെ വില തിരക്കി. എൺപതു രൂപയെന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് അവിശ്വസനീയതയും ഒട്ടു നിസ്സഹായതയും മിന്നി മറഞ്ഞു.

എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച് ഞാൻ സംഭാഷണം നടത്താൻ ശ്രമിച്ചു. ആശുപത്രിയിൽ സീരിയസ് ആയി ചികിത്സയിൽ കഴിയുന്ന ഭാര്യയെ സന്ദർശിക്കാൻ വന്നതാണ്, നാഗ്പൂരിൽ നിന്ന്. മടങ്ങിപ്പോവുകയാണ്. കർഷകനാണ്. നാട്ടിലെ ഒരു സംഘടന എടുത്തു കൊടുത്ത വിമാനടിക്കറ്റാണ്. ഭാര്യയയുടെ ചികിത്സാച്ചെലവും ആരെക്കൊയോ ചേർന്ന് കണ്ടെത്തുകയാണ്. ഇതിനിടെ ഞാൻ ഒരു പേപ്പർ ഗ്ലാസ് സംഘടിപ്പിച്ചു വന്ന് രണ്ടു ഗ്ലാസ് വെള്ളം അയാൾക്ക് ഒഴിച്ച് കൊടുത്തു. അയാൾ ദാഹിച്ചിരിക്കുകയായിരുന്നെന്നു വ്യക്തം. നേർത്ത നർമ്മത്തോടെ അയാൾ എന്നെ ഓർമിപ്പിച്ചു: 'അസി റുപ്യാ കാ പാനി ഹേ' (എൺപതു രൂപയുടെ വെള്ളമാണ്!) വിമാന യാത്ര സാധാരണക്കാർക്കും പ്രാപ്യമായത് കഴിഞ്ഞ രണ്ട് ദശകങ്ങൾക്കുള്ളിലായിരുന്നല്ലോ. ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു; ഭൂരിപക്ഷം എയർലൈനുകളും വിമാനത്തിനുള്ളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത് നിറുത്തി. അപ്പോഴാണ് വിമാനത്താവളത്തിലെ കച്ചവടം തഴയ്ക്കുന്നത്. പുറമെ ഇരുപതു രൂപയ്ക്കു കിട്ടുന്ന വെള്ളം എൺപതു രൂപയ്ക്കു വിൽക്കാൻ തുടങ്ങി. ഒരു കോഫിയോ ചായയായ കുടിക്കണമെങ്കിൽ നൂറോ നൂറ്റിയമ്പതോ രൂപ വേണമെന്നായി. മറ്റു ഭക്ഷണപദാർത്ഥങ്ങൾക്കും അതെ അനുപാതത്തിൽത്തന്നെ വർദ്ധനവുണ്ടായി. വിമാനയാത്രക്കാരെല്ലാം സമ്പന്നരോ കോർപറേറ്റ് എക്സിക്യൂട്ടീവുകളോ അല്ല. സ്വകാര്യവത്ക്കരണത്തിനു ലാഭനഷ്ടങ്ങളുടെ കണക്കേ അറിയേണ്ടതുള്ളൂ. വൻതുക മുതൽ മുടക്കിയെങ്കിൽ അത് തിരികെ കിട്ടാൻ വലിയ വാടകയ്‌ക്കോ ലൈസെൻസ് ഫീസിനോ വിമാനത്താവളത്തിലെ കച്ചവട സ്ഥാപനങ്ങൾ കൊടുക്കേണ്ടി വരും. വലിയ തുക വാടകകൊടുത്തു നടത്തുന്ന ഷോപ്പുകളിൽ ഉയർന്ന വിലയ്ക്ക് മാത്രമേ എന്തും വിൽക്കാൻ സാധിക്കൂ. എൺപതു രൂപയ്ക്കു ഒരു കുപ്പി വെള്ളം വിൽക്കേണ്ടി വന്നേക്കാം.

പക്ഷെ അതുമായി പൊരുത്തപ്പെടാൻ മുന്നൂറോ നാനൂറോ രൂപ ദിവസവേതനം കിട്ടുന്ന ഒരാൾക്ക് എങ്ങനെ സാധിക്കും? വിമാനത്താവളങ്ങളുടെ കാര്യം മാത്രമല്ല, നമ്മുടെ സ്വകാര്യ ആശുപത്രികളുടെയും വലിയ ഫീസ് വാങ്ങുന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും എല്ലാം യുക്തി ഇതാണ്. മുടക്കിയ മുതൽ തിരികെ കിട്ടണമെങ്കിൽ നിരക്കുകൾ കൂട്ടാതെ എങ്ങനെ സാധിക്കും? ഇവയൊന്നും ധർമ്മസ്ഥാപനങ്ങളാണെന്നു അവർ അവകാശപ്പെടുന്നുമില്ലല്ലോ. ഇവിടെയാണ് സ്വകാര്യവത്ക്കരണം നയമായി സ്വീകരിക്കുമ്പോൾ സർക്കാരുകൾക്ക് സാധാരണമനുഷ്യരെക്കുറിച്ചുള്ള വിചാരം അനിവാര്യമായിത്തീരേണ്ടത്. പരക്ലേശവിവേകം ഏറ്റവും ആവശ്യമായിത്തീരുന്നത്. എവിടെയെല്ലാം ആ വിചാരത്തിനു മങ്ങലേൽക്കുന്നുവോ, അവിടെയെല്ലാം സ്വകാര്യവത്ക്കരണം ലാഭക്കണക്കിന്റെ കാരുണ്യരാഹിത്യത്തിന് സാധാരണമനുഷ്യരെ എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടേണ്ടതിന്റെ നീതീകരണം ഇവിടെയാണ്. സർക്കാർ എയ്ഡഡ് സ്‌കൂളുകൾ മികച്ച നിലവാരത്തിലേക്കുയരേണ്ടത് ഇതുകൊണ്ടാണ്. സർക്കാർ മേഖലയോട് മത്സരിച്ചാണ് സ്വകാര്യ മേഖല മികവ് തെളിയിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങളെ നിഷ്‌ക്രിയമാക്കുന്ന സ്വകാര്യവത്ക്കരണം മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയുടെ കുത്തകയാകുമ്പോൾ കുടിവെള്ളം സൗജന്യമായിക്കൊടുക്കാനുള്ള സർക്കാരിന്റെ ചുമതല മറക്കരുതെന്നർത്ഥം. ഈ അപകടത്തിൽ നിന്ന് റെയിൽവേ രക്ഷപ്പെട്ടത് റെയിൽനീർ എന്ന കുപ്പിവെള്ളം (അതെത്ര അരോചകമായ പേരാണെങ്കിലും) ന്യായവിലയ്ക്ക് നൽകിക്കൊണ്ടാണ്. സ്വകാര്യമേഖല പ്രവർത്തിക്കുന്നത് ലാഭത്തിനാണെങ്കിലും ആത്യന്തികമായി സമൂഹത്തിനു വേണ്ടിയാണല്ലോ. സമൂഹത്തിന്റെ താൽപ്പര്യങ്ങളും കച്ചവടത്തിന്റെ കണക്കുകളും തമ്മിൽ വൈരുധ്യമുണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്.

സ്വകാര്യവത്കരണത്തിന്റെ അതിർത്തികളും, കളിയുടെ നിയമങ്ങളും ക്രമീകരണങ്ങളും വ്യക്തമാക്കുകയും അത് നിഷ്‌കൃഷ്ടമായി നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാരുകൾക്കു കഴിയണം. ഉപാധികളില്ലാത്ത സ്വകാര്യവത്കരണത്തിന്റെ ഫലം ഏതു മേഖലയിലാണെങ്കിലും, അഭിലഷണീയമായിരിക്കില്ല. ഏതു വലിയ സംരംഭത്തിലും നിസ്വനായ ഒരു ഭാരതീയനെ അതിന്റെ മദ്ധ്യത്തിൽ നിർത്താൻ കഴിയുമെങ്കിൽ ഏതു നയവും ഗുണകരമാകും. അത് സ്വകാര്യമേഖലയിൽ നിന്ന് പ്രതീക്ഷിച്ചുകൂടാ. പക്ഷെ സർക്കാരുകൾക്ക് ഈ ചുമതലയിൽ നിന്ന് മാറാനും കഴിയില്ല. ജലാംശം സ്വീകരിച്ച സൂര്യൻ മഴ ഭൂമിക്കു തിരികെക്കൊടുക്കുന്നതുപോലെയാവണം ഭരണകൂടം നികുതി പിരിച്ചിട്ട് ക്ഷേമപ്രവർത്തങ്ങൾ ജനങ്ങൾക്ക് തിരികെ കൊടുക്കേണ്ടതെന്നു ഓർമിപ്പിച്ചത് കാളിദാസനാണ്, രഘുവംശത്തിൽ. നമ്മുടെ ഭരണകർത്താക്കളും ആ സൂര്യധർമ്മം പുലർത്തട്ടെ എന്നാശിക്കാം. ഇല്ലെങ്കിൽ വിമാനത്താവളത്തിലെ കർഷകന് ദാഹിച്ചുകൊണ്ടേയിരിക്കും.