ഒരു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി ആ രാജ്യത്തെ ഉന്നത നേതൃത്വത്തെ പലതരത്തിലാണ് പരീക്ഷിക്കുന്നത്.കൊവിഡ് -19 നെ ഒരു വെല്ലുവിളിയായും മുന്നറിയിപ്പായും കാലേക്കൂട്ടി തിരിച്ചറിയാൻ നമുക്ക് സാധിച്ചു. ദുർഘടഘട്ടങ്ങളിൽ വ്യക്തികളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടും എന്നൊരു ചൊല്ലുണ്ട്.നേതൃത്വത്തിലും ഇതുപോലെ തന്നെയാണ്. പ്രതിസന്ധിഘട്ടങ്ങളാണ് ഏറ്റവും മികച്ചതിനെയും അല്ലാത്തതിനെയും വേർതിരിക്കുന്നത്.ആഗോളതലത്തിൽ തന്നെ,കൊവിഡ് 19 എന്നത് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒരു അഗ്നിപരീക്ഷയായിരുന്നു. ഈ പരീക്ഷയിലാകട്ടെ,നമ്മുടെ രാജ്യവും പ്രധാനമന്ത്രിയും ഒരുപോലെ, ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. ഈ വൈറസിനെതിരെ ആത്മാർത്ഥമായി പോരാടുക മാത്രമല്ല ഭാരതീയർ ചെയ്യുന്നത്.
കൊവിഡിന് ശേഷമുള്ള ഒരു ലോകത്തെ മുന്നിൽ കണ്ടുകൊണ്ട്,അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി നൽകാനുള്ള കഠിന പരിശ്രമത്തിൽ മുഴുകിയിരിക്കുകയാണ് അവർ. സ്വയം പര്യാപ്തമായ ,"ആത്മനിർഭർ ഭാരത "ത്തിനായുള്ള ആഹ്വാനവും,അതിനു തുടർച്ചയായി അഞ്ചുദിവസം കൊണ്ട് സ്വീകരിച്ച വിവിധങ്ങളായ നടപടികളും, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഓർമ്മിക്കപ്പെടും എന്ന് തീർച്ച. വെല്ലുവിളിക്ക് മുന്നിൽ അടിയറവ് പറയാതെ,ആഗോള വിതരണക്രമത്തിന്റെ ഉടച്ചുവാർക്കലിൽ വലിയ പങ്കുവഹിക്കാൻ തയ്യാറായിരിക്കുക എന്ന പ്രചോദനനാത്മക സന്ദേശം , ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെയാണ് വർധിപ്പിച്ചത്. നമ്മുടെ രാജ്യപുരോഗതിയുടെ ചാലക ശക്തികളായ കുടിയേറ്റ തൊഴിലാളികൾ,വഴിയോരക്കച്ചവടക്കാർ,പാവപ്പെട്ടവർ എന്നിവർക്കായി നിരവധി ആശ്വാസനടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു രാഷ്ട്രം ഒരു റേഷൻകാർഡ് പദ്ധതി,കുടിയേറ്റ തൊഴിലാളികൾക്കുള്ള സൗജന്യഭക്ഷ്യധാന്യ വിതരണം , മുദ്ര പദ്ധതിക്ക് കീഴിൽ ചെറിയ വായ്പകൾ എടുത്തവർക്കുള്ള പലിശ സഹായം, വഴിയോരക്കച്ചവടക്കാർക്കായി അടിയന്തിര പ്രവർത്തന മൂലധനം,ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കൂടുതൽ വിഹിതം,ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങി നിരവധി നടപടികളാണ് പുതിയ സാമ്പത്തിക പാക്കേജിന് കീഴിൽ പ്രഖ്യാപിച്ചിട്ടുള്ളത്.രാജ്യത്തെ എം.എസ്.എം.ഇ കൾക്ക് ഈടില്ലാതെ,കുറഞ്ഞ പലിശനിരക്കിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പാ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതി ഈ മേഖലയ്ക്ക് വലിയതോതിൽ ഗുണം ചെയ്യും.കാർഷിക മേഖലയിൽ അടുത്തകാലത്തായി ഉണ്ടാകുന്ന പരിഷ്കാരങ്ങളെ ,പല കാർഷികവിദഗ്ദ്ധരും സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളോടാണ് ഉപമിക്കുന്നത്.ഉത്പാദകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന,ഇടനിലക്കാർ ലാഭം കൊയ്യുന്ന ഒരു കാർഷിക വിപണന സമ്പ്രദായമാണ് നിലവിൽ നമ്മുടെ രാജ്യത്തുള്ളത്.എന്നാൽ,അവശ്യ സാധന നിയമത്തിൽ വരുത്തിയ ഭേദഗതികൾ ,തങ്ങളുടെ ഉൽപ്പന്നങ്ങൾ തങ്ങൾക്കിഷ്ടമുള്ളവർക്ക് വിൽക്കാൻ കർഷകർക്കുള്ള സ്വാതന്ത്ര്യം, ഫാം ഗേറ്റ് അടിസ്ഥാനസൗകര്യവികസനത്തിനായി ഒരു ലക്ഷം കോടിയുടെ നിക്ഷേപം, കാർഷിക-വ്യവസായ രംഗങ്ങളെ സംയോജിപ്പിക്കൽ തുടങ്ങിയ നിരവധി നടപടികളിലൂടെ രാജ്യത്തെ കാർഷികമേഖലയെ നിലവിൽ കർഷകർക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നു. ഇതിനു പുറമെ, കൽക്കരി,ഖനനം, പ്രതിരോധം, വ്യോമയാനം ,ബഹിരാകാശം തുടങ്ങിയ മേഖലകളിലെ ,പരക്കെ അംഗീകരിക്കപ്പെട്ട പരിഷ്കാരങ്ങളും, നൂതന നടപടികൾ ആവിഷ്കരിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിപത്തി വെളിവാക്കുന്നു.
ഇത്രയുമൊക്കെ ആകർഷകമായ നടപടികൾ സ്വീകരിച്ചിട്ടും,സർക്കാർ നടപടികളെ വിമർശിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയപ്രതിയോഗികൾ അടക്കം ഇതിൽപ്പെടുന്നു . രാജ്യത്തെ ജനങ്ങളുടെ കൈവശം, ഭരണകൂടം പണമൊന്നും നല്കിയിട്ടില്ല എന്നാണ് ഇവരുടെ ഒരു പ്രധാന വിമർശനം. എന്നാൽ ഈ വിമർശനം ഉന്നയിക്കുന്നവർ പഴയതൊക്കെ മറന്നുപോയെന്നു തോന്നുന്നു. പാവപ്പെട്ടവർക്കായി 1.7 ലക്ഷം കോടിയുടെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.യുപിഎ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു പ്രഖ്യാപനം മാത്രമായി ഒതുങ്ങിയില്ല .പദ്ധതിയുടെ ഗുണഭോക്താക്കളായ 39 കോടിപ്പേർക്ക് ഇതിനു കീഴിലുള്ള 35,000 കോടിയുടെ സാമ്പത്തികസഹായം ലഭിച്ചു.തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ രണ്ടായിരം രൂപ ലഭിച്ച രാജ്യത്തെ എട്ടു കോടി കർഷകരും,ആദ്യ രണ്ടു ഗഡുക്കളിലെ ധനസഹായം ലഭിച്ച ജൻധൻ അക്കൗണ്ട് ഉടമകളായ 20 കോടിയിലേറെ വനിതകളും ഇതിൽ ഉൾപ്പെടുന്നു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ,ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തെ 80 കോടിയിലേറെ പാവപ്പെട്ടവർക്കാണ് ഭക്ഷ്യധാന്യ സഹായം ലഭിച്ചത്. ആളൊന്നിന് 5 കിലോ ഭക്ഷ്യധാന്യവും ഒരു കുടുംബത്തിന് ഒരു കിലോഗ്രാം പയറുവർഗങ്ങളുമാണ് നൽകിയത്.ഈ നടപടികളൊക്കെത്തന്നെ യാതൊരുവിധ നഷ്ടവും കൂടാതെ ജനങ്ങളുടെ കൈകളിൽ നേരിട്ട് എത്തുന്നവയാണ്.ശരിയായ തീരുമാനങ്ങൾ ,ശരിയായ ദിശയിൽ എടുക്കുന്നതിലും കാര്യമുണ്ട്. യു.പി.എ ഭരണകാലത്തു കാർഷിക വായ്പകൾ എഴുതിത്തള്ളിയത് എല്ലാവരും ഓർക്കുന്നുണ്ടാവും. നടപടിയുടെ ഗുണം കർഷകർക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല,രാജ്യത്തിനെ സമ്പത്ത് വ്യവസ്ഥയെ ആകെമാനം തകർക്കുന്നതിലേക്കും ആ നീക്കം വഴിതെളിച്ചുകേന്ദ്രം അടുത്തിടെ കൈക്കൊണ്ട നടപടികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്താൻ അനുവാദം നൽകിയത്. യഥാർത്ഥത്തിൽ,ഫെഡറൽ തത്വങ്ങളുടെ ആത്മാവിനോട് ചേർന്നുള്ള നടപടികളാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
(കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രിയാണ് ലേഖകൻ )