europe

ലണ്ടൻ:- ജൂൺ ആദ്യം വരെ ലോക്ഡൗൺ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചെങ്കിലും ജനരോഷം മൂലം പ്രവിശ്യാ ഗവർണർമാരുടെ ആവശ്യത്തെ തുടർന്ന് അവ പിൻവലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളിൽ. പല മേഖലകളിലും കൊവിഡ് രോഗബാധ കുറയാത്തതിനാൽ ലോക്ഡൗൺ നിർദ്ദേശങ്ങളിൽ മയപ്പെടുത്തലുണ്ടാകില്ലെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം. 27650 പേർ മരിച്ച സ്പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ജസ് ലോക്ഡൗൺ ഇളവുകൾക്കായി പാർലമെന്റിനോട് ആവശ്യപ്പെടും എന്നറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസം ഇവിടെ ഭീമമായ നഷ്ടമാണ് ഈ സീസണിൽ നേരിടുന്നത്. മ്യൂസിയങ്ങളും മറ്രും ഇവിടെ പ്രവർത്തിച്ചു തുടങ്ങി.

ഗ്രീസിൽ ആരാധനാലയങ്ങൾ തുറന്നിട്ടുണ്ട്. ബീച്ചുകളിൽ ജനങ്ങൾ കൂട്ടമായി വെയിൽ കായാൻ പുറത്തിറങ്ങുന്നു. ഇറ്റലിയിൽ രോഗബാധ ശമനം കാണാത്തതിനാൽ ലോക്ഡൗൺ നിർദ്ദേശങ്ങൾ സർക്കാർ പിൻവലിച്ചില്ലെങ്കിലും ജനരോഷം കാരണം അവ വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. ഇവിടെ കോഫീ ഷോപ്പുകൾ, ബാറുകൾ, സലൂണുകൾ ഇവയെല്ലാം തുറന്ന് പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ പ്രവിശ്യകൾ തോറും സഞ്ചരിക്കാൻ അനുമതിയില്ല.

ഫ്രാൻസിൽ ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് ഇളവ് വരുത്തിയ ആദ്യ ആഴ്ചയായതോടെ ജനങ്ങൾ ബീച്ചുകളിലും മറ്റും ഉല്ലസിക്കാൻ വന്നുതുടങ്ങി. എന്നാൽ എവിടെയും വൻ ജനക്കൂട്ടം പൊലീസ് അനുവദിക്കുന്നില്ല. രണ്ടാമതൊരു വരവ് കൊറോണ വൈറസിനുണ്ടാകും എന്ന് ഉറപ്പായതോടെ മിക്ക രാജ്യങ്ങളിലും ജനങ്ങളോട് ആളുകൾ ഒത്തുകൂടുന്ന പൊതുഇടങ്ങളിൽ പോകരുതെന്ന് ഇപ്പോഴും മുന്നറിയിപ്പ് നൽകുകയാണ്.

മാർച്ച് മാസം മുതൽ വിദേശികളുടെ വരവ് തടഞ്ഞ് പ്രതിരോധ നടപടികളെടുത്ത റഷ്യ ഇപ്പോൾ ഫുട്ബോൾ സീസൺ ആരംഭിച്ചു കഴിഞ്ഞു. കളിക്കാർ‌ക്കും പരിശീലകർക്കും ആവശ്യത്തിന് അതിർത്തി കടക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഐസൊലേഷനിലാണ്. യൂറോപ്യൻ രാജ്യങ്ങൾ നഷ്ടമായ സാധാരണ ജീവിതം തിരിച്ച് പിടിക്കാനുള്ള തിരക്കിലാണ്. രൂക്ഷമായ വരവാകും രണ്ടാമത് കൊറോണ വൈറസിന്റേത് എന്ന അറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ടെങ്കിലും.