kaumudy-news-headlines

1. കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബാറുകളിലെ പാഴ്സല്‍ വില്‍പനയും ബുധനാഴ്ച തുടങ്ങും. ക്ലബുകള്‍ തുറക്കാനും അനുമതി. പാഴ്സല്‍ മാത്രം അനുവദിക്കും. മുടിവെട്ടാനായി മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് അനുമതി ഇല്ല. സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടുു പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. അന്തര്‍ ജില്ലാ യാത്രക്കാര്‍ക്ക് പാസ് നിര്‍ബന്ധം ആക്കി


2. അതേസമയം, മദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കുന്നതിനുള്ള ആപില്‍ തീരുമാനം വൈകുന്നു. നാളെ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോഴുള്ള ധാരണ. ടോക്കണിനുള്ള ആപിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിയുമായി ബവ്രിജസ് കോര്‍പറേഷനും എക്‌സൈസ് വകുപ്പ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആപിന്റെ സാങ്കേതിക പ്രവര്‍ത്തനത്തില്‍ ഇതുവരെയും ബവ്രിജസ് കോര്‍പറേഷനും എക്‌സൈസ് വകുപ്പും തൃപ്തരായിട്ടില്ല. മദ്യക്കടകള്‍ തുറക്കുമ്പോള്‍ ഒരേ സമയം ആയിരക്കണക്കിനു ഉപഭോക്താക്കള്‍ ടോക്കണ്‍ എടുക്കാന്‍ ശ്രമിക്കും എന്നതിനാല്‍ ആപിന്റെ ശേഷിയാണ് പ്രധാനമായും പരിശോധിക്കുന്നത്. സാങ്കേതിക പരിശോധനയ്ക്കു ശേഷം പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യും.
3. കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്റെ ആത്മ നിര്‍ഭര്‍ പാക്കേജ് കബളിപ്പിക്കല്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ രാജ്യത്തെ സ്വകാര്യ മേഖലയക്ക് തീറെഴുതുക ആണ്. കേന്ദ്രത്തിന്റേത് പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രഖ്യാപനം ആണ്. കേന്ദ്രം ഫെഡറലിസത്തെ തകര്‍ക്കുന്നു. കേന്ദ്രം സംസ്ഥാനങ്ങളും ആയി ചര്‍ച്ച ചെയ്യണം ആയിരുന്നു. സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നടപടി ആണ് കേന്ദ്രത്തിന്റെത് എന്നും പ്രതിപക്ഷ നേതാവ്.
4. അതേസമയം, കൊവിഡ് നാലാംഘട്ട ഇളവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അകത്ത് ബസുകള്‍ ഓടാനുള്ള സാദ്ധ്യതയില്ല എന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ബസ് ഓടിക്കാനുള്ള സാദ്ധ്യത കുറവാണ്. രോഗ പ്രതിരോധത്തിന് എതിരായുള്ള ഒരു തീരുമാനവും എടുക്കാനാവില്ല. നേരത്തെ ഉണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോള്‍. രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. അത് കണക്കിലെടുത്തേ എന്ത് തീരുമാനവും എടുക്കാനാവൂ. പൊതുഗതാഗതം തുടങ്ങുന്നത് മൂന്ന് രീതിയില്‍ തരം തിരിച്ചായിരിക്കും. ജില്ലകള്‍ക്കുളളില്‍ ബസ് സര്‍വീസ്, സംസ്ഥാനത്തിന് അകനത്ത് സര്‍വീസ്, അന്തര്‍ സംസ്ഥാന സര്‍വീസ് എന്നിങ്ങനെ ആണിത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളില്‍ ഇതില്‍ ഏത് പ്രാവര്‍ത്തികം ആക്കാനാകും എന്ന് ആലോചിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്നത് ഒന്നും ചെയ്യാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി.
5. കൊവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങള്‍ക്ക് ആശങ്ക സമ്മാനിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തി ആര്‍ജിക്കുന്നു. ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്‌ളോണായി ഉംപുണ്‍ മാറും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ഉംപുണ്‍ നീങ്ങുക ആണ് എന്നാണ് കണക്കു കൂട്ടല്‍. നിലവില്‍ മണിക്കൂറില്‍ 260 കിലോ മീറ്ററാണ് ഉംപുണിന്റെ വേഗത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
6. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് ഉഷ്ണ തരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കല്‍പിക്കപ്പെടുന്നു
7. കേരള കൗമുദി ഡിജിറ്റല്‍ പേപ്പര്‍ എക്സ്റ്റന്റഡ് പതിപ്പ് ഇന്നു മുതല്‍ തുടങ്ങുക ആണ്. അച്ചടി അക്ഷരങ്ങള്‍ക്കപ്പുറം ഡിജിറ്റല്‍ മീഡിയയുടെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, വാര്‍ത്തകള്‍ക്ക് ശ്രവ്യരൂപവും ദൃശ്യരൂപവും കൂടി നല്‍കുന്ന കേരള കൗമുദി എക്സ്സ്റ്റന്‍ഡഡ് ഇ എഡിഷന്‍ മലയാള മാദ്ധ്യമരംഗത്ത് പുതിയ പരീക്ഷണവും അനുഭവവുമാകും എന്ന് ചീഫ് എഡിറ്റര്‍ ദീപു രവി പറഞ്ഞു. ലോകത്ത് എവിടെയുമുള്ള മലയാളികള്‍ക്കായി ഇന്നോളം മറ്റാരും നല്‍കാത്ത വാര്‍ത്താ കവറേജ് സമ്മാനിക്കുന്ന ഈ ഓഡിയോ, വീഡിയോ ഇ പേപ്പര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നത് ദിനപത്രങ്ങള്‍ക്ക് നല്‍കാനാകാത്ത വിധം വിപുലവും വ്യത്യസ്തവുമായ വാര്‍ത്താ പേജുകളാണ്. ഒപ്പം, തിരക്കുകള്‍ക്കിടെ വായനയ്ക്ക് സമയം കണ്ടെത്താന്‍ ആകാത്തവര്‍ക്കായി ദിവസവും ഇരുന്നൂറിലധികം വാര്‍ത്തകളുടെ ഓഡിയോ എഡിഷനും
8. ജില്ലാ വാര്‍ത്തകളുടെ സമഗ്ര കവറേജ് ഉറപ്പാക്കുന്ന എക്സ്റ്റന്‍ഡഡ് ഇ പേപ്പറില്‍ ഓരോ ജില്ലയ്ക്കും പ്രത്യേക പേജുകള്‍ ഉണ്ടായിരിക്കും. വാര്‍ത്താ പേജുകള്‍ക്കൊപ്പം എഡിറ്റോറിയല്‍ പേജ്, വാര്‍ത്താ വിശകലനങ്ങളും വിഭിന്ന മേഖലകളിലെ പ്രമുഖരുടെ പംക്തികളും ഉള്‍ക്കൊള്ളുന്ന ഒപ്പീനിയന്‍ പേജ്, ഇന്റര്‍നാഷണല്‍, സിനിമ, ക്രൈം, വീഡിയോ പേജുകള്‍ എന്നിവ കൂടാതെ ബിസിനസ്, സ്‌പോര്‍ട്സ് എന്നിവയ്ക്കായി ദിവസവും പ്രത്യേക പേജുകളും ആഴ്ചയില്‍ ഒന്നിലേറെ ദിവസം ഓരോ വിഷയത്തിലും മള്‍ട്ടിപ്പിള്‍ പേജുകളും ഇ പേപ്പറിലുണ്ടാകും. മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ ഇ പേപ്പറിന്റെ പേജില്‍ നിന്നു തന്നെ ഒറ്റ ക്ലിക്കില്‍ സെലക്ട് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുമെന്നതാണ് ഒരു പ്രധാന സവിശേഷത. വെബ് എഡിഷന്‍ ആയോ കേരള കൗമുദി ഇ പേപ്പര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ വായിക്കാവുന്ന കേരള കൗമുദി എക്സ്സ്റ്റന്‍ഡഡ് ഇ പേപ്പറിന് ഐ ഫോണ്‍, ആന്‍ഡ്രോയിഡ് വേര്‍ഷനുകളുണ്ട്.
9. നാല് തലമുറകള്‍ തിളക്കത്തോടെ തുടരുന്ന കേരള കൗമുദിയുടെ പ്രൗഢ പാരമ്പര്യവും വിശ്വാസ്യതയില്‍ ഉറച്ച പ്രതിബദ്ധതയും പുതിയ കാലത്തിന്റെ ഇ മാദ്ധ്യമത്തിനും പിന്‍ബലമേകുമ്പോള്‍ പ്രിയപ്പെട്ട വായനക്കാര്‍ ഈ സംരംഭത്തെയും ഹൃദയപൂര്‍വം സ്വീകരിക്കുമെന്ന്. ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. വായനാ സമൂഹത്തെ വാര്‍ത്തകള്‍ കൊണ്ട് കരുത്തരാക്കുകയും, മാറുന്ന വായനാശീലങ്ങളെ സംതൃപ്തമാക്കുകയും ചെയ്യുന്ന ഈ നവീന മാദ്ധ്യമം വിശ്വാസപൂര്‍വം, അഭിമാനപൂര്‍വം മലയാളത്തിന് സമര്‍പ്പിക്കുന്നു
10. ലോക ആരോഗ്യ സംഘടനയുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍ രംഗത്ത്. ഇന്ന് തുടങ്ങുന്ന ലോകാരോഗ്യ അസംബ്ലിയില്‍ കരട് പ്രമേയം അവതരിപ്പിക്കും. ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ആവശ്യവുമായി ആദ്യം മുന്നോട്ടു വന്നത്. കഴിഞ്ഞമാസം വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന ആദ്യത്തെ രാജ്യവും ഓസ്‌ട്രേലിയ ആയിരുന്നു. വൈറസ് വ്യാപനം ചെറുക്കാന്‍ ലോക ആരോഗ്യ സംഘടന കൈക്കൊണ്ട നടപടികളില്‍ നിഷ്പക്ഷ അന്വേഷണം വേണം എന്നാണ് ആവശ്യം. ജപ്പാന്‍, ബ്രിട്ടന്‍, ന്യൂസീലന്‍ഡ്, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചില രാജ്യങ്ങളോട് ലോക ആരോഗ്യ സംഘടന മൃദുസമീപനം സ്വീകരിക്കുന്നു എന്ന് അമേരിക്ക അടക്കം പരാതി ഉന്നയിച്ചിരുന്നു