bajji-mulak

എല്ലാവർക്കും മുളക് ബജി വളരെ ഇഷ്ടമാണ്. തട്ടുകടയിലെ ബജി വാങ്ങി കഴിക്കാത്തവരും വളരെ ചുരുക്കമാണ്. ബജിയിൽ ഉപയോഗിക്കുന്ന മുളകിന് അധികം എരിവ് ഇല്ല എന്നതാണ് പ്രത്യേകത.എന്നാൽ വീട്ടിൽ ബജി ഉണ്ടാക്കി കഴിക്കാമെന്ന് കരുതിയാൽ ബജിയിൽ ഉപയോഗിക്കുന്ന ആ മുളക് എവിടെ നിന്ന് കിട്ടും എന്നാണ് ചിന്തിക്കുക. എങ്കിൽ ഇനി ആ ചിന്ത വേണ്ട കാരണം, ബജി മുളക് വീട്ടിൽ വളർത്തി മുളക് ബജി വീട്ടിൽത്തന്നെയുണ്ടാക്കാം. എങ്ങനെയെന്നല്ലെ??? നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലും മുറ്റത്തും പറമ്പിലും എല്ലാം ബജി മുളക് വളർത്താവുന്നതേയുള്ളൂ. ഗ്രോബാഗിലും ചട്ടിയിലും വരെ ബജി മുളക് വളരെ നന്നായി വളർത്താം.

കൃഷി രീതി :

മെയ് - ജൂൺ, ആഗസ്റ്റ് – സെപ്തംബർ മാസങ്ങളാണ് ബജി മുളക് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ബജി മുളകിന്റെ വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. വിത്ത് പാകുന്നതിന് മുമ്പ് അര മണിക്കൂർ സ്യൂഡോമോണോസ് ലായനിയിലിട്ട് വെക്കുക, വിത്തുകൾ വേഗം മുളച്ച് വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. വിത്തിൽ മുക്കി വെയ്ക്കാൻ മാത്രമല്ല, തൈകൾ പറിച്ച് നടുമ്പോൾ വേരുകൾ സ്യൂഡോമോണോസ് ലായനിയിൽ മുക്കി നടുന്നതും നല്ലതാണ്. വിത്തുകൾ പാകിയ ശേഷം മിതമായി നനച്ച് കൊടുക്കണം. രണ്ട് മൂന്ന് ആഴ്ച കളിയുമ്പോൾ പറിച്ച് നടാവുന്നതാണ്. ടെറസിലാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്നതായിരിക്കും നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ച് വേണം ഗ്രോബാഗ് തയ്യാറാക്കാൻ. മണ്ണിന് പകരം ചകിരിച്ചോറും ഉപയോഗിക്കാം. നടീൽ മിശ്രിതത്തിൽ കുറച്ച് വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്. മൂന്നു മാസത്തിനുള്ളിൽ വിളവ് എടുക്കാം.

കീടബാധ

വെള്ള രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കുന്ന ഒരു കീടം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളിൽ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാനാകും.