vp-nandakumar

വി.പി. നന്ദകുമാർ,​

മാനേജിംഗ് ഡയറക്‌‌ടർ ആൻഡ് സി.ഇ.ഒ,

മണപ്പുറം ഫിനാൻസ്

കൊവിഡും ലോക്ക്ഡൗണും മൂലം തളർന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. മൊത്തത്തിൽ നോക്കിയാൽ, സമ്പദ്‌പരിഷ്കാരങ്ങൾക്കാണ് ഊന്നൽ. വിതരണശൃംഖലയിൽ ദീർഘകാല ലക്ഷ്യവും പാക്കേജ് ഉന്നംവയ്ക്കുന്നു.

കാർഷിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ മികച്ചതും കാതലായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതുമാണ്. എന്നാൽ, എന്റെ അഭിപ്രായത്തിൽ സർക്കാർ ചെയ്യേണ്ടിയിരുന്നത്, ഉപഭോഗം വർദ്ധിപ്പിക്കാൻ ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുകയായിരുന്നു. ലോക്ക്ഡൗൺ, തൊഴിൽനഷ്‌ടം, വരുമാനത്തകർച്ച എന്നിവമൂലം ഇടിഞ്ഞ ഉപഭോക്തൃ വാങ്ങൽശേഷി വർ‌ദ്ധിപ്പിക്കാനും അതുവഴി, ഡിമാൻഡും സമ്പദ്‌വളർച്ചയും മെച്ചപ്പെടാനും ഇത് ഉപകരിക്കുമായിരുന്നു.

ലോക്ക്ഡൗണിന്റെ വലിയ ആഘാതം ഏറ്രുവാങ്ങിയ, തൊഴിൽ-വരുമാന നഷ്‌ടം ഏറ്റവുമധികം അനുഭവിക്കുന്ന, അസംഘടിത മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ നിർണായക ഇടപെടൽ ആവശ്യമാണ്.

സമ്പദ്‌ പ്രതിസന്ധി ഘട്ടങ്ങൾ തരണംചെയ്യാൻ എന്നും മുന്നിൽ നിന്നിട്ടുള്ളത് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് (എൻ.ബി.എഫ്.സി). സമ്പദ്‌ഞെരുക്കം ഉണ്ടാവുമ്പോൾ ജനങ്ങൾ കൂടുതൽ ആശ്രയിക്കുക സ്വർണപ്പണയ വായ്‌പകളെയാണ്. ഈ സാഹചര്യത്തിൽ, 'മുൻഗണനാ വായ്‌പാ" നിർവചനത്തിൽ പാവപ്പെട്ടവർക്കും പ്രതിസന്ധി നേരിടുന്നവർക്കും അനുവദിച്ച സ്വർണപ്പണയ വായ്‌പകളെ കൂടി ഉൾപ്പെടുത്താൻ നടപടി വേണം. വ്യക്തിഗത ഇനത്തിലെ, ഒരുലക്ഷം രൂപയ്ക്ക് താഴെയുള്ള എല്ലാ വായ്‌പകളും 'മുൻഗണനാ വായ്പാ" ഗണത്തിൽ പെടുത്തണം. ഇത് എൻ.ബി.എഫ്.സികൾക്ക് കുറഞ്ഞ ചെലവിൽ, ഉപഭോക്താക്കൾക്ക് വായ്‌പ നൽകാൻ സഹായകമാകും.