ന്യൂയോർക്ക്: കൊവിഡ് മഹാമാരി പരത്തിയത് ചൈനയാണെന്ന് വൈറ്ര് ഹൗസ് വീണ്ടും. വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരോ ആണ് ഇത്തവണ ആരോപണം ഉന്നയിക്കുന്നത്. വിമാനങ്ങളിൽ ലോകമാകെയുള്ള സ്ഥലങ്ങളിലേക്ക് ചൈനീസ് പൗരന്മാരെ അയച്ച് ചൈന രോഗം പരത്തി എന്നാണ് നവാരോ ആരോപിക്കുന്നത്. 'നവംബർ മാസത്തിൽ ആദ്യ രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്കും അവരിൽനിന്ന് മിലാൻ, ന്യൂയോർക്ക് അങ്ങനെ എല്ലായിടത്തേക്കും വൈറസ് പിടിപെട്ടു.' ലോകാരോഗ്യ സംഘടനക്കെതിരെയും പീറ്റർ നവാരോ ആരോപണം ഉന്നയിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ചൈന രോഗം രണ്ട് മാസത്തോളം മറച്ചുവച്ചു. എന്നാൽ കഴിഞ്ഞമാസം ന്യൂയോർക്ക് സർവ്വകലാശാല വിദഗ്ധർ നടത്തിയ പഠനത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ് ന്യൂയോർക്കിൽ രോഗം പരത്താൻ കാരണമെന്ന് കണ്ടെത്തി.
എന്നാൽ ചൈനയുടെ ഔദ്യോഗിക ദിനപത്രത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ ഈ രോഗത്തിന് അമേരിക്ക ജനുവരി 11 മുതൽ വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വുഹാനിലെ വൈറോളജി ലാബിൽ നിന്നാണ് രോഗം പുറത്ത് വന്നതെന്ന ആരോപണം വീണ്ടും ഉന്നയിച്ചു. നിയന്ത്രണങ്ങൾക്ക് പുറത്താണ് വൈറസ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.