andrew-cuomo
ANDREW CUOMO

ന്യൂയോർക്ക്: കൊവിഡ് പരിശോധന നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കാനായി വാർത്തസമ്മേളനത്തിനിടെ ലൈവായി പരിശോധന നടത്തി ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോ. ലക്ഷണങ്ങൾ കാണിക്കുന്നവരോ സമ്പർക്കത്തിലേർപ്പെട്ടവരോ ഉണ്ടെങ്കിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കൂമോ അഭ്യർത്ഥിച്ചു. ശേഷം, മാദ്ധ്യമപ്രവർത്തകർ കാൺകേ, സുരക്ഷാ കവചം ധരിച്ച നഴ്‌സ് കൂമോയുടെ മൂക്കിൽ നിന്ന് പരിശോധനയ്ക്കുള്ള ശ്രവമെടുത്തു. ഇത് ലൈവായി ന്യൂയോർക്ക് ജനത ടെലിവിഷനിലൂടെയും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെയും കണ്ടു.

പരിശോധനയ്ക്ക് വിധേരാവാൻ മടിക്കാണിക്കേണ്ടതില്ല. നിങ്ങൾ മിടുക്കരും അച്ചടക്കമുള്ളവരും ആയിരിക്കണം. നിങ്ങൾ നിങ്ങളെയും കുടുംബത്തെയും, ന്യൂയോർക്കിനെയും സ്‌നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം. വളരെ വേഗത്തിൽ വേദനയില്ലാതെ നടത്താവുന്നതാണ് ഈ പരിശോധന.ഞാൻ നാളെ ഇവിടെ എത്തിയില്ലെങ്കിൽ അതിനർത്ഥം എനിയ്ക്ക് കൊവിഡ് ബാധിച്ചെന്നാണ്.

ഇൻഫ്‌ളുവൻസ പോലുള്ള ലക്ഷണങ്ങളുള്ളവർ മാത്രമല്ല, ജോലിയിലേക്ക് മടങ്ങിവരുന്ന ആളുകൾ, മെഡിക്കൽ - നഴ്‌സിംഗ് ഹോം ഉദ്യോഗസ്ഥർ, ജോലിസ്ഥലത്ത് പൊതുജനങ്ങളുമായി ഇടപഴകുന്നവർ എന്നിവരെ ഉൾപ്പെടുത്തി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ വിപുലീകരിച്ചിട്ടുണ്ട് - കൂമോ പറഞ്ഞു. കൊവിഡ് പരിശോധന ലൈവായി നടത്തിയ ആദ്യ രാഷ്ട്രീയ നേതാവാണ് കൂമോ.