realme-tv

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി സ്മാർട്ട് വാച്ചും ടിവിയും മെയ് 25ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു. റിയൽമി ഇന്ത്യ സി.ഇ.ഒ മാധവ് സേത്ത് ഇന്ത്യയിൽ ഇതിന്റെ ലോഞ്ചിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. കൊറോണ പ്രതിസന്ധി നിലനിൽക്കുന്നത് കൊണ്ട് ഡിജിറ്റൽ ഈവന്റിലൂടെയായിരിക്കും റിയൽമി ടിവിയുടെയും വാച്ചിന്റെയും ലോഞ്ച് നടക്കുക. ഫേസ്‌ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ എല്ലാ ചാനലുകളിലൂടെയും ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കും.

നോക്കിയ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾക്ക് ശേഷം ടിവി സെഗ്മെന്റിലേക്ക് വരുന്ന ഒരു പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡായിരിക്കും റിയൽമി. ബ്ലൂടൂത്ത് എസ്‌.ഐ.ജി വെബ്‌സൈറ്റ് പ്രകാരം റിയൽമി ടിവിക്ക് 32 ഇഞ്ചും 43 ഇഞ്ചും മോഡലുകൾ ഉണ്ടായിരിക്കും. റിയൽമി ടിവിയ്ക്കായി 55 ഇഞ്ച് മോഡും വൈകാതെ പുറത്തിറക്കും. ഇതിന്റെ വിദൂര നിയന്ത്രണത്തിന് ബ്ലൂടൂത്ത് എസ്‌.ഐ.ജി സർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട്, റിയൽമി ടിവി ആൻഡ്രോയിഡ് ടിവി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ടിവി ഗൂഗിളിന്റെ ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രവർത്തിപ്പിക്കുമെന്ന് സൂചന നൽകി.

ഇന്ത്യൻ ടെലിവിഷൻ വിപണിയിൽ കൂടുതൽ മുൻ തൂക്കമുള്ള ഷവോമിയായിരിക്കും കമ്പനിയുടെ പ്രധാന എതിരാളി.

ആദ്യമായാണ് കമ്പനി വാച്ച് പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം റിയൽമി വാച്ചിന്റെ വീഡിയോ ടീസർ മാധവ് സേത്ത് ട്വിറ്ററിൽ പങ്കുവെച്ചു. തങ്ങളുടെ അടുത്ത എ.ഐ.ഒ.ടി ഉൽപ്പന്നങ്ങൾ വന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആപ്പിൾ വാച്ചിന്റെ കെയ്സിന്റെ സമാനമായ ചതുരാകൃതിയിലുള്ള കെയ്സാണ് വീഡിയോ ടീസറിലുള്ളത്. റിയൽമി ബാൻഡിന് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ വെയറബിൾ ഡിവൈസാണ് റിയൽമി വാച്ച്.