കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ നിരനിരയായി മലനിരകളുള്ള ഗ്രാമമാണ് ഇരുമാപ്ര (എരുമാപ്ര). കോലാനി മലയുടെ താഴെ മേൽക്കാവ് മേച്ചാൽ റോഡിൽ മോസ്കോയിലെ വ്യൂ പോയിന്റിലെത്തിയാൽ ഇരുമാപ്രയുടെ മനോഹര ദൃശ്യം ആസ്വദിക്കാം.പച്ചപ്പിൽ ലയിച്ച് തട്ടു തട്ടായി കിടക്കുന്ന താഴ് വാരത്തിൽ ആകാശചാരെ വിശാലമായി പരന്ന് കിടക്കുന്ന പാറക്കൂട്ടം മനോഹരമായ കാഴ്ചയാണ്.ഇരുമാപ്ര എരുമാപ്രയെന്നും അറിയപ്പെടുന്നുണ്ട്. മലഞ്ചരിവിൽ കൂടി സൂര്യവെളിച്ചം മാറി മറയുന്നതും കാറ്റിനൊപ്പം ഒഴുകി വരുന്ന മഴനൂലുകളും പച്ചില ചാർത്തുകളുടെ വൈവിദ്ധ്യവും ഈ കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. അധികം തിരക്കില്ലാത്ത ചെറുതും വലുതുമായ ഗ്രാമീണ റോഡിന്റെ ഒരു ഭാഗം മുഴവൻ മല നിരകളും മറു ഭാഗം തട്ട് തട്ടായുള്ള താഴ് വാരങ്ങളുമാണ്.ഇരുമാപ്രയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ഇട റോഡിലൂടെ താഴ് വാരത്തിലേക്ക് സഞ്ചരിച്ചാൽ തലമുട്ടാൻ കല്ല് കാണാം.റോഡിന് വീതി കൂട്ടാൻ വേണ്ടി കല്ല് പൊട്ടിച്ച് നീക്കിയെങ്കിലും ബാക്കി ഭാഗം ഇപ്പോഴുമുണ്ട്.കോടമഞ്ഞ് മാറി തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ തലമുട്ടാൻ കല്ലിൽ നിന്ന് നോക്കിയാൽ മേൽക്കാവ്മറ്റത്തിന്റെയും പാലായുടെയും ആകാശക്കാഴ്ച കാണാം. മലനിരകളിലൂടെ ഒഴുകി വരുന്ന ചെറിയ അരുവികളും. അരിക്കാമാരി വെള്ളച്ചാട്ടവും ചൂത് പാറയും വഴിയരികിൽ കാണാം. താഴ് വരയുടെ മലഞ്ചരിവിൽ ചരിത്ര സ്മാരകമായി നിലകൊള്ളുന്ന സെന്റ് പീറ്റേഴ് സ് സി.എസ്.ഐ. പള്ളിയാണ് മറ്റൊരു കാഴ്ച.റവ.ഹെൻട്രി ബേക്കർ ജൂനിയറിന്റെ കാലത്ത് 1849 ൽ സ്ഥാപിച്ചതാണ് പള്ളി.കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ ഇരുമാപ്രയിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം.മേച്ചാൽ റോഡിൽ വാളകത്ത് നിന്നാൽ ഇല്ലിക്കകല്ലും കട്ടിക്കയം വെള്ളച്ചാട്ടവും കാണാൻ പറ്റും.വ്യത്യസ്ത സ്ഥലങ്ങൾ തെരയുന്ന സിനിമാ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായി ഇരുമാപ്ര മാറുകയാണ്.