jackfruit

സാൻഫ്രാൻസിസ്കോ :- നാട്ടിലാകെ ഇപ്പോ ചക്ക സീസണാണ്. മുൻപൊക്കെ ഞെട്ടറ്റ് താഴെ വീഴുന്ന ചക്കപ്പഴം പാഴാക്കി കളയുന്നതായിരുന്നു നമ്മുടെ കൊച്ചു കേരളത്തിൽ പതിവ്. എന്നാൽ ഈ കൊവിഡ് വ്യാപന സമയത്ത് നമ്മുടെ അന്നദാതാക്കളായ അയൽ സംസ്ഥാനങ്ങളും കൊവിഡ് ബാധയിൽ വിപണി അടച്ചുപൂട്ടിയപ്പോൾ പച്ചക്കറികളും മറ്റു ഭക്ഷണസാമഗ്രികളും ആകെ കുറഞ്ഞതോടെ നമ്മൾ തൊടിയിലേക്കിറങ്ങി.

ചക്കയും, മാങ്ങയും വാഴക്കൂമ്പും നാടൻ ഇലക്കറികളും എല്ലാം നമ്മുടെ വിഭവങ്ങളായി മേശപ്പുറത്തെത്തി. കൊവിഡ് കാലത്തെ പാചകകലാ പരീക്ഷണങ്ങളിൽ ചക്കക്കുരു ഷേക്കും, ചക്ക പ്രഥമനും ഒക്കെ സ്ഥാനം പിടിച്ചു. ഒപ്പം ചക്ക ഉപ്പേരി, ചക്കപ്പുഴുക്ക്, ചക്ക തോരൻ, പായസം പോലെ സ്ഥിരംവിഭവങ്ങൾ മുതൽ ചില രസികൻമാർ ഉണ്ടാക്കിയ ചക്ക മടലിലെ ചെരുപ്പ് വരെ നമ്മൾ കണ്ടു. ഒരു പ്രദേശത്തെ ചക്ക മുഴുവൻ കോൺട്രാക്ട് എടുത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ പഴുത്ത ചക്കയും പച്ച ചക്കയും വിദേശ രാജ്യങ്ങളിൽ താരമാകുകയാണ് ഇപ്പോൾ. ഒരു മരത്തിൽ നിന്ന് സീസണിൽ 250 ചക്ക വരെ ചിലപ്പോൾ ലഭിക്കാറുണ്ട്.

വളരെ കുറച്ച് പരിചരണവും വളരെയധികം പോഷകഗുണങ്ങളുമുള്ള ചക്ക ഇപ്പോൾ കൊവിഡ് ബാധയുടെ രൂക്ഷത അറിഞ്ഞ പല രാജ്യങ്ങളിലും വിഭവമാണ്. ചിക്കൻ പോലുള്ള മാംസാഹാരങ്ങളോട് ചെറിയ ഭയം ഉണ്ടായിട്ടുള്ള അമേരിക്കയിലെ ഹോട്ടലുകളിലും മറ്റും മാംസത്തിന് പകരം പച്ച ചക്കകൊണ്ടുള്ള ഭക്ഷണങ്ങളും പഴുത്ത മധുരമുള്ള മറ്റ് വിഭവങ്ങളും ഇപ്പോൾ വിളമ്പുന്നുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നി സ‌ർവ്വകലാശാലയിൽ നടത്തിയ പോഷകാഹാരപഠനത്തിൽ ഡയബറ്രിക് രോഗികൾക്ക് ചക്ക ഉൽപന്നങ്ങൾ റൊട്ടിക്കോ, ചോറിനോ പകരം ഭക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായി കണ്ടെത്തി.

നമ്മുടെ രാജ്യത്തെ പോലെ ബംഗ്ളാദേശും തായ്ലന്റും ചക്ക കയറ്റുമതി നടത്തുന്നുണ്ട്. ഇവർ നമുക്ക് കടുത്ത വെല്ലുവിളിയുമാണ്. എന്തായാലും പാവപ്പെട്ടവന്റെ വിഭവമായ ചക്ക ഇപ്പോ ശരിക്കും ഇന്റർനാഷണലായി.