gold-loans

കൊച്ചി: സമ്പദ്‌പ്രതിസന്ധിയും സ്വർണവില വർദ്ധനയും ഒന്നിച്ചെത്തിയതോടെ, സ്വർണപ്പണയ വായ്‌പയ്ക്ക് ഡിമാൻഡ് ഏറാൻ കളമൊരുങ്ങി. വില റെക്കാഡ് ഉയരത്തിൽ ആയതിനാൽ, പണയം വയ്ക്കുന്നവർക്ക് ഗ്രാമൊന്നിന് കൂടുതൽ തുക വായ്‌പ കിട്ടുമെന്നതാണ് കാരണം. ലോക്ക്ഡൗണിൽ മറ്റു വരുമാന മാർഗങ്ങൾ അടഞ്ഞവരും പണത്തിന് അടിയന്തര ആവശ്യമുള്ളവരും കർഷകരും മൂലധനത്തിനായി ചെറുകിട സംരംഭകരും ഉടൻ ആശ്രയിക്കുക ഈ മാർഗമായിരിക്കും.

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) ഈവർഷം സ്വർണപ്പണയ വായ്‌പകളിൽ 15 ശതമാനം വരെ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. 5-10 ശതമാനം വർദ്ധനയാണ് മുത്തൂറ്ര് ഫിനാൻസിന്റെ പ്രതീക്ഷ. മണപ്പുറം ഫിനാൻസ് പ്രതീക്ഷിക്കുന്നത് 10-15 ശതമാനം വളർച്ച. സ്വർണവിലയുടെ 75 ശതമാനം വരെ തുകയാണ് വായ്‌പ കിട്ടുക. ശരാശരി 8-9 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളിൽ പലിശ. മറ്റു ബാങ്കുകളിലും എൻ.ബി.എഫ്.സികളിലും പലിശ അല്പം ഉയരും. കർഷകർക്ക് നാലു ശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെ വായ്‌പ നേടാൻ പദ്ധതികളുണ്ട്.

സ്വർണവായ്‌പ ഉടൻ അടച്ചുതീർക്കുന്ന ട്രെൻഡും കണ്ടുതുടങ്ങി. ഒട്ടേറെപ്പേർ, വായ്‌പ തീർത്ത് പണയസ്വർണം തിരിച്ചെടുക്കുകയാണ്. തിരിച്ചെടുത്ത സ്വർണം ഇപ്പോൾ വിറ്രാൽ ഉയർന്ന തുക നേടാമെന്നതാണ് കാരണം.

പൊന്നിന് പുതിയ ഉയരം

സ്വർണവില കേരളത്തിൽ ഇന്നലെ 240 രൂപ വർദ്ധിച്ച് 35,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് വില 4,380 രൂപയായി.

 ലോക്ക്ഡൗണിൽ മാത്രം പവന് കൂടിയത് 3,800 രൂപ

 സുരക്ഷിത നിക്ഷേപമെന്ന പെരുമയാണ് സ്വർണത്തിന് നേട്ടമാകുന്നത്; രൂപയുടെ മൂല്യത്തകർ‌ച്ചയും വില കൂടാനിടയാക്കി.

 ലോക്ക്ഡൗണിൽ ഇളവുവന്നതോടെ, സംസ്ഥാനത്ത് സ്വർണക്കടകൾ തുറന്ന് തുടങ്ങിയിട്ടുണ്ട്.

 ഇളവ് സംബന്ധിച്ച ആശയക്കുഴപ്പം മൂലം ചില ജില്ലകളിൽ കടകൾ തുറന്നില്ല. ചിലയിടത്ത് തുറന്നവ പൊലീസ് അടപ്പിച്ചു

1.2%

ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ വീടുകളിൽ ഏകദേശം 25,000 ടണ്ണോളം സ്വർണം 'വെറുതേ ഇരിക്കുന്നു" എന്നാണ് കരുതപ്പെടുന്നത്. ഇതിൽ 1.2 ശതമാനം മാത്രമാണ് പണയവസ്‌തുവാക്കപ്പെട്ടിട്ടുള്ളത്. നിലവിലെ സമ്പദ്‌ഞെരുക്കം മറികടക്കാൻ ഈ വലിയ 'സ്വത്ത്" പ്രയോജനപ്പെടുത്തണമെന്ന വാദം ഉയരുന്നുണ്ട്.