rain

♦ പശ്ചിമബംഗാൾ, ഒഡിഷ തീരങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നത് 15 ലക്ഷത്തോളം പേരെ

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട സൂപ്പർ സൈക്ലോണായ ഉംപുൺ നാളെ തീരംതൊടും. മണിക്കൂറിൽ 200 കി.മീ വേഗതയിലാകും ചുഴലിക്കാറ്റ് കരയിലെത്തുക. പശ്ചിമബംഗാൾ,​ ഒഡിഷ,​ മേഘാലയ,​ സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത നാശംവിതയ്ക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശമുണ്ട്. അതേസമയം ചെന്നൈയിലും സമീപപ്രദേശങ്ങളിലും ഉഷ്ണക്കാറ്റിന് സാദ്ധ്യതയുണ്ട്. ചെന്നൈയിലെ ചൂട് 40–42 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

പശ്ചിമബംഗാൾ, ഒഡിഷ തീരങ്ങളിൽ നിന്ന് 15 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. ഒഡിഷയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് ഒഡിഷയിൽ മാത്രമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ദുരന്തനിവാരണ സേനയെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ലെന്നും അതിനാൽ വിശാലമായ താമസസൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളതെന്നും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്‌ അറിയിച്ചു.