corona

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് മൂന്നു പേർക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. മൂന്നുപേരും വിദേശത്തു നിന്നെത്തിയവരാണ്.രണ്ടു പേർ 16ന് അബുദാബിയിൽ നിന്നും ഒരാൾ മാലിദ്വീപിൽ നിന്നു കപ്പൽ മാർഗം കൊച്ചി വഴി എത്തിയതുമാണ്. ഗൾഫിൽ നിന്നെത്തിയവർ കാട്ടാക്കട,മുരുക്കുംപുഴ സ്വദേശികളും മാലിദ്വീപിൽ നിന്നെത്തിയയാൾ വെള്ളനാട് സ്വദേശിയുമാണ്. ഇയാൾ ജനറൽ ആശു‌പത്രിയിലും അബുദാബിയിൽ നിന്നെത്തിയവർ മാർ ഇവാനിയോസിലും ക്വാറന്റെെനിലായിരുന്നു. മൂവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഏപ്രിൽ 28ന് മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വർക്കല സ്വദേശി ബെെജുവും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ തലസ്ഥാന ജില്ല കൊവിഡ് മുക്തമായിരുന്നു.നിലവിൽ കൊല്ലം സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ അഞ്ചുപേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പുതുതായി 535പേർ നിരീക്ഷണത്തിൽ

ജില്ലയിൽ പുതുതായി 535 പേർ നിരീക്ഷണത്തിലായപ്പോൾ 259 പേർ ക്വാറന്റെെൻ പൂർത്തിയാക്കി.ആകെ 5667 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 5169 പേർ വീടുകളിലും 446പേർ കെയർ സെന്ററുകളിലും നിരീക്ഷണത്തിലാണ്.

11പേരെ രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നുപേർ ഡിസ്ചാർജായി.ഇന്നലെ ലഭിച്ച 115 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.101 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

52പേർ ചികിത്സയിൽ

മെഡിക്കൽ കോളേജ്-17,ജനറൽ ആശുപത്രിയിൽ-6,ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രം-5,എസ്.എ.ടി-12,വിവിധ സ്വകാര്യ ആശുപത്രികളിലായി 12 പേരും ചികിത്സയിലുണ്ട്.

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 40 കേസുകൾ രജിസ്റ്റ‌ർ ചെയ്‌തു. 26പേ‌ർ അറസ്റ്റിലായപ്പോൾ 16 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 270 പേർ ജില്ലയിലെത്തി. തമിഴ്നാട്ടിൽ നിന്നു 224 പേരും കർണാടകയിൽ നിന്ന് 15 പേരും പോണ്ടിച്ചേരിയിൽ നിന്ന് 12 പേരും മഹാരാഷ്ട്രയിൽ നിന്ന് 18 പേരും ആന്ധ്രാപ്രദേശിൽ നിന്നും ഒരാളുമാണ് എത്തിയത്.റെഡ് സോണിൽ നിന്നെത്തിയവരിൽ 82 പേരെ വീട്ടിലും ഒരാളെ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലും ആറു പേരെ മാർ ഇവാനിയോസ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. അന്യസംസ്ഥാനത്തു നിന്നെത്തിയതിൽ 202പേർ തിരുവനന്തപുരം സ്വദേശികളാണ്.