19-kozhi-1
ഓപറേഷനുശേഷം സുഖം പ്രാപിച്ച കോഴി

ചെങ്ങന്നൂർ: കോഴിയുടെ അവശതയ്ക്ക്‌ കാരണം കണ്ടെത്താൻ ചെങ്ങന്നൂർ വെറ്ററിനറി പോളിക്ളിനിക്കിൽ നടന്ന ശസ്ത്രക്രിയയിൽ കണ്ടെത്തിയത് 890 ഗ്രാം തൂക്കമുള്ള മുഴ. കോഴിയുടെ തൂക്കത്തിന്റെ പകുതിയോളം ഭാരം. മാന്നാർ ചുടുകാട്ടിൽ കൃഷ്ണവിലാസം ബാലകൃഷ്ണനാണ് അവശയായ കോഴിയുമായി കഴിഞ്ഞ ദിവസം ക്ളിനിക്കിലെത്തിയത്. മുട്ടയിടുന്നത് പെട്ടെന്ന് നിറുത്തുകയും ഭാരം കൂടുകയും ചെയ്തതോടെയാണ് താറാവ്,​ കോഴി കർഷകനായ ബാലകൃഷ്ണൻ കോഴിയുമായി ക്ളിനിക്കിലെത്തിയത്.

രണ്ടുകിലോ തൂക്കമുള്ള കോഴിയുടെ ഗർഭാശയത്തിന് സമീപമായിരുന്നു വലിയ മുഴ. മുട്ടയ്ക്കുള്ള ഉണ്ണികൾ കട്ടിപിടിച്ചതായിരുന്നു ഇത്. ഓപ്പറേഷനുശേഷം ഒരു കിലോ 100 ഗ്രാമായി തൂക്കം കുറഞ്ഞ കോഴി ബാലകൃഷ്ണന്റെ വീട്ടിൽ സുഖമായിരിക്കുന്നു. ഡോ: ദീപു ഫിലിപ്പ്,​ ഡോ: ടിന്റു അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ജനറൽ അനസ്തേഷ്യ നൽകിയ ശേഷമായിരുന്നു ശസ്ത്രക്രിയ.