uae

റാസല്‍ഖയ്മ: സോഷ്യൽ മീഡിയ വഴി വിദ്വേഷപ്രചാരണം നടത്തിയ ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട്‍ യു.എ.യിലെ സ്ഥാപനം. റാസല്‍ഖയ്മയിലെ സ്റ്റീവിന്‍ റോക്ക് എന്ന ഖനന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ബ്രാജ് കിഷോര്‍ ഗുപ്തയെയാണ് കമ്പനി ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ മുസ്ലിം സമുദായത്തിന് എതിരായ വിദ്വേഷകരമായ പരാമർശമാണ് ഇയാൾ നടത്തിയത്. കൊവിഡ് 19 രോഗം പരത്തുന്നത് ഇന്ത്യന്‍ പൗരന്മാരായ മുസ്ലിം വിഭാഗക്കാരാണെന്നും ഡൽഹി കലാപത്തില്‍ മുസ്ലിം വിഭാഗക്കാർ കൊല ചെയ്യപ്പെട്ടതിൽ നീതിയുണ്ടെന്നുമായിരുന്നു ഇയാളുടെ പരാമർശം.

ഇയാളെ സ്റ്റീവിന്‍ റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാസ്വാ മിലിയന്‍ ഇ-മെയില്‍ സന്ദേശത്തിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. സഹിഷ്ണുതയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിലും വര്‍ഗീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യു.എ.ഇ സര്‍ക്കാർ നൽകുന്ന നിര്‍ദ്ദേശത്തെ കമ്പനി പിന്തുണയ്ക്കുന്നതായും മിലിയന്‍ തന്റെ ഇ-മെയിലിലൂടെ പറയുന്നു.